KeralaNews

കുട്ടികളില്‍ ടാറ്റൂ പതിക്കുന്നതു നിയന്ത്രിക്കണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കുട്ടികളില്‍ ടാറ്റൂ പതിപ്പിക്കുന്നതു നിയന്ത്രിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. ടാറ്റൂ പതിപ്പിക്കുന്നതിനു കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ക്കും ടാറ്റൂ സ്റ്റുഡിയോകള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരോടു കമ്മീഷന്‍ നിര്‍ദേശിച്ചു.

ബാലാവകാശ കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാല്യം പദ്ധതി നോഡല്‍ ഓഫീസര്‍ അമല്‍ സജി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം കെ. നസീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. പൊതു സ്ഥലങ്ങളിലിരുന്നു ടാറ്റൂ ചെയ്യുന്നത് അനുവദിക്കരുത്, ടാറ്റൂ ചെയ്യുന്നതു സംബന്ധിച്ച പരസ്യങ്ങള്‍ തടയണം, കുട്ടികളില്‍ ടാറ്റൂ ചെയ്യുന്നുണ്ടെങ്കില്‍ അതു മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമായിരിക്കണം, ടാറ്റൂ ചെയ്യുന്നതിനായുള്ള ഉപകരണങ്ങള്‍ അണുനശീകരണ, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം എന്നി നിര്‍ദേശങ്ങളും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടുന്നത് അടക്കം ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ലോക രാജ്യങ്ങളില്‍ മിക്കയിടത്തും കുട്ടികളില്‍ ടാറ്റൂ പതിപ്പിക്കുന്നതു നിരോധിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഉത്തരവിട്ടത്. പരാതിയിന്മേല്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, ടാറ്റൂ പതിപ്പിക്കുന്നത് എയ്ഡ്‌സ് അടക്കമുള്ള മാരക രോഗങ്ങള്‍ പകരുന്നതിനു ഇടയാക്കുന്നുണ്ടെന്നു അറിയിച്ചിരുന്നു.

ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വേണ്ടവിധത്തില്‍ അണുനശീകരണം നടത്താത്തതും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമാണ് കാരണം. അതേസമയം, മാതാപിതാക്കള്‍ക്കൊപ്പം ടാറ്റൂ ചെയ്യുന്ന കുട്ടികളുടെ കാര്യത്തില്‍ നിര്‍ബന്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നായിരുന്നു സംസ്ഥാന വനിത, ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ നിലപാട് അറിയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker