കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും കൈമാറാന്‍ ഉത്തരവ്. കൊല്ലം ബാലക്ഷേമ സമിതിയുടേതാണ് ഉത്തരവ്. കുഞ്ഞിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇവര്‍ക്കൊപ്പം വിടുന്നതെനനും ബാലക്ഷേമ സമിതി വ്യക്തമാക്കി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൈമാറാന്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്. നേരത്തെ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഇത്രയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. മുമ്പും ഉത്രയെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
കടുത്ത വിഷമുള്ള കരിമൂര്‍ഖനേക്കൊണ്ട് ഭാര്യയെ കടിപ്പിച്ചതാണെന്ന് ഭര്‍ത്താവ് സൂരജ് പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞു. ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണവെപ്രളത്തോടെ പിടഞ്ഞ ഉത്രയുടെ മരണം ഉറപ്പാക്കിയശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാല് പേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.
ഉത്രയെ കൊല്ലുന്നതിനായി 10000 രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. തുടര്‍ന്ന് പാമ്പിനെ കുപ്പിയിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ സൂക്ഷിച്ചുവെന്നും പോലീസ് പറയുന്നു.
വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊല്ലുകയായിരുന്നു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹമായിരുന്നു സൂരജിന്റെ ലക്ഷ്യം.
രാവിലെ എഴുന്നേല്‍ക്കുന്ന പതിവു മയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്. ഉത്രയും സൂരജും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.