തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ സിപിഐയുടെ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമുയർന്നു. തിരുവനന്തപുരം യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യമുയർന്നു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അതു പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നുമാണ് യോഗങ്ങളിൽ ഉയർന്ന അഭിപ്രായം.
തോൽവിക്കു പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. തിരഞ്ഞെടുപ്പുസമയത്തു മുന്നണി കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായി തുടങ്ങിയ വിമർശനങ്ങൾ ഇരു യോഗങ്ങളിലും ഉയർന്നു.
തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അലയടിച്ചതു മുഖ്യമന്ത്രിക്കെതിരായ വികാരമെന്നാണു ഫലം അവലോകനം ചെയ്ത ആലപ്പുഴ യോഗത്തിലെ വിമർശനം. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അവതരിപ്പിച്ച റിപ്പോർട്ടിൽ ‘ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ കോൺഗ്രസാണു മികച്ചതെന്നു ജനങ്ങൾ ചിന്തിച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു’എന്നായിരുന്നു ഉള്ളടക്കം.
മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎമ്മിൽ ആർക്കും ധൈര്യമില്ല. പരനാറി പ്രയോഗം പോലുള്ള പരാമർശങ്ങളാണ് എല്ലാ കാലത്തും മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രി തിരുത്താൻ തയാറല്ലെന്നു ഗീവർഗീസ് മാർ കൂറിലോസിനെതിരെയുള്ള പരാമർശത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു .
സിപിഐയുടെ കൈവശമുള്ള കൃഷി വകുപ്പിനെയും സപ്ലൈകോയെയും അവഗണിച്ചതു തിരിച്ചടിയായി. കോൺഗ്രസ് വോട്ടു മാത്രമല്ല, ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളും ബിജെപിയിലേക്കു പോയിട്ടുണ്ട്. തൃശൂരിലെ സിപിഐ സ്ഥാനാർഥിയുടെ തോൽവിയിൽ ഇപ്പോഴും മാറാത്ത ചില സംശയങ്ങളുണ്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിന് ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും ചേരും. ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും ചർച്ചയാകും.