
തിരുവനന്തപുരം: ലഹരിക്കടത്തുകാരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് സുരക്ഷിതമായി കൈമാറാൻ വെബ്‌പോർട്ടൽ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനം തടയാനുള്ള സർക്കാരിന്റെ കർമപദ്ധതി ആവിഷ്കരിക്കാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെയും കൗമാരക്കാരുടെയും ലഹരി ഉപയോഗം തടയാനുള്ള കർമപദ്ധതി ഏപ്രിലിൽ നടപ്പാക്കും. സ്കൂൾ, കോളേജുകൾ, പൊതുയിടങ്ങൾ എന്നിവയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇതിനുള്ളിൽ തയ്യാറാക്കും.
വിദ്യാർഥികൾക്കുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളിൽ സൂംബാ ഡാൻസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ അധ്യാപക-വിദ്യാർഥി ജാഗ്രതാസമിതി രൂപവത്കരിക്കും. അധ്യാപകർക്കുള്ള പരിശീലനം ഏപ്രിലിൽ പൂർത്തിയാക്കും. ഇരകളായ കുട്ടികളെ തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.