തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവിലയില്‍ വന്‍ ഇടിവ്. ബ്രോയ്‌ലര്‍ കോഴികളുടെ വിലയാണ് സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ പലയിടത്തും നൂറ് രൂപയാണ് കോഴിയുടെ വില. രണ്ടാഴ്ച മുമ്പ് വരെ 160-200 രൂപയായിരുന്നു ഒരു കിലോ ബ്രോയ്‌ലര്‍ കോഴിയുടെ വില. ഇതാണ് ഇപ്പോള്‍ പകുതിയോളമായി കുറഞ്ഞിരിക്കുന്നത്.
പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് ഉയര്‍ന്നതുമാണ് വില കുറയാന്‍ കാരണം എന്നാണ് ഇറച്ചിക്കോഴി വ്യാപാരികള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. രണ്ടാഴ്ച മുന്‍പ് തന്നെ സംസ്ഥാനത്തെ ഫാമുകളില്‍ കോഴിയുടെ വില കുറഞ്ഞിരുന്നു. എന്നാല്‍ ചില്ലറക്കച്ചവടക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.
ഉപഭോക്താക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് വിലകുറയ്ക്കാന്‍ ചില്ലറ വ്യാപാരികള്‍ നിര്‍ബന്ധിതരായത്. എന്നാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വിലയിടിയുന്നത് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ കോഴി ഫാമുകളില്‍ നിന്ന് 65 രൂപയ്ക്കാണ് ഏജന്റുമാര്‍ കോഴികളെ വാങ്ങുന്നത്. ഇത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എല്ലാ ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ള സാഹചര്യമാണ്.
അതിനാല്‍ തന്നെ ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. തീറ്റയും ഫാമിലെ മറ്റ് ആവശ്യങ്ങള്‍ക്കുമായി കര്‍ഷകര്‍ക്ക് വലിയ തുക ചെലവാകുന്നുണ്ട്. അതിനാല്‍ ഈ വിലയ്ക്ക് കോഴിയെ വില്‍ക്കുന്നത് നഷ്ടമാണ് എന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ നിരക്കില്‍ മാറ്റം ഉണ്ടാകുന്നതുവരെ വളര്‍ച്ചയെത്തിയ കോഴികളെ ഫാമുകളില്‍ നിര്‍ത്താനും സാധിക്കില്ല.
ഇങ്ങനെ ചെയ്യുന്നത് തീറ്റ ഇനത്തില്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരു കിലോ കോഴി ഉല്‍പാദിപ്പിക്കാന്‍ 90 മുതല്‍ 100 രൂപ വരെ കര്‍ഷകന് ചെലവാകുന്നുണ്ട് എന്നാണ് കണക്ക്. അതിനാല്‍ ഫാമുകളില്‍ കിലോക്ക് 130 മുതല്‍ 140 രൂപയെങ്കിലും ലഭിച്ചാലേ കര്‍ഷകര്‍ക്ക് ആശ്വാസമാകൂ എന്നാണ് പറയുന്നത്.
ഇനി ഓണത്തോട് അനുബന്ധിച്ച് മാത്രമേ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് വിവരം. എന്നാല്‍ കേരളത്തില്‍ ഉല്‍പാദനം വര്‍ധിച്ചത് തിരിച്ചറിഞ്ഞുള്ള തമിഴ്നാട് ലോബിയുടെ ആസൂത്രിത നീക്കമാണ് കോഴിയുടെ വില കുത്തനെ കുറയാന്‍ കാരണമായത് എന്ന ആരോപണവും ഉയരുന്നുണ്ട്. സമീപകാലത്ത് കേരളത്തില്‍ ചെറുതും വലുതുമായ കൂടുതല്‍ ഫാമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതെല്ലാം വിലക്കുറവിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.