ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തല എം.എസ് ധോനിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഋതുരാജ് ഗെയ്ക്‌വാദിന് ജയത്തോടെ തുടക്കം. ഐപിഎല്‍ 17-ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കീഴടക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. രചിന്‍ രവീന്ദ്ര, ഇംപാക്റ്റ് പ്ലെയര്‍ ശിവം ദുബെ, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ ചെന്നൈക്കായി തിളങ്ങി.
15 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 37 റണ്‍സെടുത്ത കിവീസ് താരം രചിന്‍ രവീന്ദ്രയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.
ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് ലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു ചെന്നൈയുടേത്. ഓപ്പണിങ് വിക്കറ്റില്‍ ഋതുരാജും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് 24 പന്തില്‍ 38 റണ്‍സ് ചേര്‍ത്തു. 15 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ഋതുരാജിനെ മടക്കി ഇംപാക്റ്റ് പ്ലെയര്‍ യാഷ് ദയാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ രചിന്‍ രവീന്ദ്ര കത്തിക്കയറിയതോടെ ചെന്നൈ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.
ഏഴാം ഓവറില്‍ രവീന്ദ്ര മടങ്ങിയെങ്കിലും അജിങ്ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്‌സുകള്‍ ചെന്നൈയുടെ റണ്‍റേറ്റ് താഴാതെ കാത്തു.
പിന്നാലെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ദുബെ – രവീന്ദ്ര ജഡേജ സഖ്യം 66 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ദുബെ 28 പന്തില്‍ നിന്ന് 34 റണ്‍സോടെയും ജഡേജ 17 പന്തില്‍ നിന്ന് 25 റണ്‍സോടെയും പുറത്താകാതെ നിന്നു. ആര്‍സിബിക്കായി കാമറൂണ്‍ ഗ്രീന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. ഇന്നിങ്‌സിന്റെ തുടക്കവും ഒടുക്കവും ആക്രമിച്ചു കളിച്ചാണ് ടീം മാന്യമായ സ്‌കോറിലെത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 25 പന്തില്‍ 48 റണ്‍സെടുത്ത അനുജ് റാവത്താണ് അവരുടെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്‌മാന്‍ ചെന്നൈയ്ക്കു വേണ്ടി തിളങ്ങി.
ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബിക്കായി ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി (23 പന്തില്‍ 35) മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 4.3 ഓവറില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഡൂപ്ലെസി മടങ്ങിയത്. പിന്നാലെ രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ പൂജ്യരായി മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. തുടര്‍ന്ന് 12-ാം ഓവറില്‍ കോലിയും (20 പന്തില്‍ 21) മടങ്ങി. കാമറൂണ്‍ ഗ്രീനിനും (18) കാര്യമായ ചലനമുണ്ടാക്കാനായില്ല.
പിന്നീടായിരുന്നു ആര്‍സിബി ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ കൂട്ടുകെട്ടിന്റെ പിറവി. ആറാം വിക്കറ്റില്‍ ഒന്നിച്ച അനുജ് റാവത്തും ദിനേഷ് കാര്‍ത്തിക്കും (24 പന്തില്‍ 34*) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 95 റണ്‍സിന്റെ കൂട്ടുകെട്ട് ബെംഗളൂരുവിനെ മാന്യമായ സ്‌കോറിലെത്തിക്കുകയായിരുന്നു.