ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 172 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഡിനെ നാല് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയും മൂന്ന് വിക്കറ്റ് നേടിയ എന്‍ പി ബേസിലുമാണ് തകര്‍ത്തത്. 40 റണ്‍സ് നേടിയ അഷുതോഷ് സിംഗാണ് ഛത്തീസ്ഗഡിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന്റെ നാലാം മത്സരമാണിത്. ഹരിയാനക്കെതിരായ ആദ്യ മത്സരം കേരളം ജയിച്ചിരുന്നു. അരുണാചല്‍ പ്രദേശ്, ഗോവ എന്നീ ടീമുകളെ തോല്‍പ്പിക്കാനും കേരളത്തിനായി.
മോശമല്ലാത്ത തുടക്കമായിരുന്നു ഛത്തീസ്ഗഡിന്. 45 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ അനുജ് തിവാരി (22)- അഖില്‍ ഹെര്‍വാദ്കര്‍ (11) സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്തായി. ഹെര്‍വാദ്കറെ അഖില്‍ സ്‌കറിയ വീഴ്ത്തിയപ്പോള്‍ തിവാരി റണ്ണൗട്ടാവുകയായിരുന്നു. തുടര്‍ന്നെത്തിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയ (17), അമന്‍ദീപ് ഖാരെ (13) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഛത്തീസ്ഗഡ് നാലിന് 82 എന്ന നിലയിലായി. അഷുതോഷ് (40), അജയ് മണ്ഡല്‍ (30) എന്നിവര്‍ കൂട്ടിചേര്‍ത്ത 58 റണ്‍സ് ഛത്തീസ്ഗഡ് ഇന്നിഗ്‌സില്‍ നിര്‍ണായയമായി. ഇവരുവര്‍ക്കും ശേഷം വന്ന മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മായങ്ക് യാദവ് (5), എം ഹുസൈന്‍ (2), സുമിത് റുയികര്‍ (9), സൗരഭ് മജുംദാര്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രവി കിരണ്‍ (1) പുറത്താവാതെ നിന്നു.
ഗോവയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയാണ് കേരളം സ്വന്തമാക്കിയിരുന്നത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം രോഹന്‍ കുന്നുമ്മലിന്റെ (101 പന്തില്‍ 134) സെഞ്ചുറി കരുത്തില്‍ കേരളം മറികടന്നു. സച്ചിന്‍ ബേബി (53) പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗോവയെ മൂന്ന് വിക്കറ്റ് നേടിയ അകില്‍ സ്‌കറിയയാണ് തകര്‍ത്തത്. 69 റണ്‍സ് നേടിയ ദര്‍ശന്‍ മിഷാലാണ് ഗോവയുടെ ടോപ് സകോറര്‍. കേരളത്തിന്റെ രണ്ടാം വിജയമാണിത്. ഹരിയാനക്കെതിരായ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ കേരളം, അരുണാചല്‍ പ്രദേശിനെതിരെ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു.
മോശം തുടക്കമായിരുന്നു ഗോവയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വൈഭവ് ഗോവെകര്‍ (4), സ്നേഹല്‍ കൗന്തന്‍കര്‍ (14), ഏക്നാദ് (22) എന്നിവരാണ് മടങ്ങിയത്. 20-ാം ഓവറില്‍ സിദ്ധേഷ് ലാഡ് (12) റണ്ണൗട്ടായതോടെ നാലിന് 79 എന്ന നിലയിലായി ഗോവ. പിന്നീട് സുയഷ് പ്രഭുദേശായ് (34), ദര്‍ശന്‍ (69), ദീപക് ഗവോങ്കര്‍ എന്നിവരുടെ ഇന്നിംഗ്സാണ് ഗോവയെ കരക്കയറ്റിയത്.