
തിരുവനന്തപുരം: കേരളത്തിൽ സംഘടനാ ദൗർബല്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന നിർദ്ദേശം മറ്റന്നാളത്തെ യോഗത്തിൽ മുന്നോട്ടു വയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ. രണ്ട് ഏജൻസികളുടെയും എഐസിസി സെക്രട്ടറിമാരുടെയും വിലയിരുത്തൽ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് നല്കും. കെപിസിസിയിലെ നേതൃമാറ്റത്തിൽ ഏപ്രിലിനു മുമ്പ് തീരുമാനം വന്നേക്കും. കേരളത്തിലെ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് മറ്റന്നാൾ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതൃയോഗം വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സംസ്ഥാനത്തെ നേതാക്കളെ പ്രത്യേകം കണ്ടിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വേണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ടായി. എന്നാൽ തന്നെ ഇരുട്ടിലാക്കി ചര്‍ച്ച നടത്തിയതിനെതിരെ കടുത്ത അതൃപ്തി കെ.സുധാകരൻ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
മാറ്റിയാലും ഇല്ലെങ്കിലും അതിന്‍റെ പേരിൽ പാര്‍ട്ടിയിൽ കലാപമെന്ന് വ്യാഖ്യാനത്തിന് ഇട നൽകി ചര്‍ച്ച നീട്ടിക്കൊണ്ടുപോകരുതെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു. ഇതോടെ ചര്‍ച്ച തൽക്കാലത്തേയ്ക്ക് നിര്‍ത്തി. കെ സുധാകരനെ കൂടി വിശ്വാസത്തിലെടുത്തേ തീരുമാനമെടുക്കൂവെന്ന് ഉറപ്പ് അദ്ദേഹത്തിന് ഹൈക്കമാൻഡ് നൽകുകയും ചെയ്തു. ഏപ്രിലിന് മുന്പ് നേതൃമാറ്റ സാധ്യത തേടി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടങ്ങുന്പോഴും സുധാകരനെ വിശ്വാസത്തിലെടുക്കണമെന്ന നിലപാട്
ഹൈക്കമാന്‍ഡ് ആവര്‍ത്തിക്കുന്നു. മാറ്റത്തിൽ സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിൽ ധാരണയുമുണ്ടാക്കണം. മാറ്റിയാൽ സുധാകരന് പകരം എന്തു പദവി എന്നതിൽ അദ്ദേഹത്തിന്‍റെ മനസ്സു കൂടി അറിയണം. പകരം ആര് എന്നതിൽ സാമുദായിക സമവാക്യവും നോക്കും. പകരം പരിഗണിക്കുന്ന അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നനാൻ,കൊടിക്കുന്നിൽ സുരേഷ്എന്നിവര്‍ എംപിമാരാണ്. സുധാകരൻ മാറിയാലും ഈഴവ പ്രാതിനിധ്യം നിലനിര്‍ത്തണമെന്ന് അഭിപ്രായം വന്നാൽ അടൂര്‍ പ്രകാശിനാകും പരിഗണന.
നേതൃത്വത്തിൽ ക്രിസ്ത്യൻ നേതാക്കളുടെ അഭാവം പരിഹരിക്കണമെന്ന നിലപാടിനാണ് മുന്‍തൂക്കമെങ്കിൽ ബെന്നിയ്ക്കാണ് സാധ്യത. ദളിത് വിഭാഗത്തെ പരിഗണിച്ച് മാറ്റത്തിന്‍റെ സന്ദേശം നൽകണമെന്ന് തീരുമാനിച്ചാൽ പ്രവര്‍ത്തക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് കെപിസിസി പ്രസിഡന്‍റ് കസേരയിലെത്തും. എന്നാൽ ഇവരോട് ഒരു ആശയവിനിമയവും നേതൃത്വം നടത്തിയിട്ടില്ല.
സംസ്ഥാനത്തെ സാഹചര്യം രണ്ട് ഏജൻസികൾ വിലയിരുത്തി നേതൃത്വത്തിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്. കേരളത്തെ മൂന്നു മേഖലയായി തിരിച്ച് എഐസിസി സെക്രട്ടറിമാർ മണ്ഡലങ്ങളിൽ എത്തി സാഹചര്യം വിലയിരുത്തി. സംഘടന ദൗർബല്യങ്ങൾ പലയിടത്തും തുടരുന്നു എന്നാണ് പാർട്ടിക്ക് കിട്ടിയിരിക്കുന്ന നിലപാട്. സംസ്ഥാന ഭരണത്തിനെതിരെ വികാരമുണ്ട്. എന്നാൽ ഇത് വോട്ടാക്കി മാറ്റാൻ കൂട്ടായ നീക്കം വേണം. തുടർഭരണം എന്ന പ്രചാരണം സിപിഎം ശക്തമാക്കുന്നത് കണ്ടില്ലെന്ന് വയ്ക്കരുതെന്ന് നിർദ്ദേശിക്കും.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിൽ പ്രചാരണ യാത്രകൾ നടത്തുന്നതും ചർച്ചയാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ ശ്രമിക്കും. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ മാറുന്ന വിഷയം എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി കേരളത്തിലെ നേതാക്കളോട് ചർച്ച ചെയ്തിരുന്നു. മറ്റന്നാളത്തെ യോഗത്തിൽ ഇക്കാര്യം ഉയർന്നു വരില്ല എന്നാണ് സൂചന. അഹമ്മദാബാദ് എഐസിസി സമ്മേളനത്തിനു മുമ്പ് സംഘടന വിഷയങ്ങളിൽ തീരുമാനമുണ്ടാകും.
ശശി തരൂരും വെള്ളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കും. വിഎം സുധീരൻ അടക്കമുള്ള നേതാക്കൾ യോഗത്തിനെത്തും എന്നറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തോൽവിക്ക് ശേഷം ദേശീയ രംഗതതു പിടിച്ചു നില്ക്കാൻ കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യമാണ്. എന്നാൽ പാർട്ടിയിൽ ഐക്യത്തിൻറെ സന്ദേശം നല്കാനും ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് എല്ലാ നേതാക്കളെയും എത്തിക്കാനും ഈ യോഗം കൊണ്ട് മാത്രം കഴിയാനുള്ള സാധ്യത വിരളമാണ്.