ശബരിമല: ഇരുമുടിക്കെട്ടുമായി മല ചവിട്ടി പതിനെട്ടാംപടി കയറി ചാണ്ടി ഉമ്മന്‍ എംഎല്‍എ അയ്യപ്പ സന്നിധിയില്‍. രണ്ടാംതവണയാണ് ശബരിമല ദര്‍ശനത്തിന് ചാണ്ടി ഉമ്മന്‍ എത്തുന്നത്. 2022ല്‍ ആദ്യമായി മലകയറി ദര്‍ശനം നടത്തി. പിന്നെ പറ്റിയില്ല. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കര്‍ എന്നിവര്‍ക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.
പതിനെട്ടാംപടി കയറി മറ്റുള്ള തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് അവിടെനിന്ന പൊലീസുകാര്‍ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങി. മാളികപ്പുറത്തേക്ക് പോയപ്പോള്‍ മറ്റു തീര്‍ഥാടകര്‍ തിരിച്ചറിഞ്ഞു. പലര്‍ക്കും ഒപ്പം നിന്നു ഫോട്ടോ എടുക്കണം. ചിലര്‍ക്ക് സെല്‍ഫി എടുക്കണം. അവരോടൊപ്പം മാളികപ്പുറത്ത് ദര്‍ശനം നടത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മനഃപൂർവം മാറ്റിനിർത്തിയതായി കഴിഞ്ഞദിവസം വ്യക്തമാക്കിയല്ലോ എന്നു ചോദിച്ചപ്പോൾ അതിനെക്കുറിച്ചൊന്നും പറയണ്ടെന്നായിരുന്നു പ്രതികരണം. ‘‘വാർത്ത കൊടുത്തില്ലങ്കിലും വേണ്ടില്ല. പിന്നെ അതിന്റെ പേരിൽ വിവാദം ഉണ്ടാക്കും. എന്നാലും എന്റെ മനസിനു വല്ലാത്ത നൊമ്പരമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുൻപേ എല്ലായിടത്തുനിന്നും മാറ്റി നിർത്താൻ തുടങ്ങി. ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല. കൂടുതൽ ഒന്നും പറയുന്നില്ല. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി . എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ’’- ചാണ്ടി ഉമ്മൻ പറഞ്ഞു.