FeaturedKeralaNews

മുസ്ലിം പേരിനോട് ഓക്കാനമോ?ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വിസി നിയമന വിവാദത്തിൽ വെള്ളാപ്പള്ളിയെ വിമർശിച്ച് ലീഗ് മുഖപത്രം

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വിസിയായി മുബാറക് പാഷയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ്. ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലാണ് മുബാറക് പാഷയെ എതിർത്ത വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമാണ് ചന്ദ്രിക ഉയർത്തുന്നത്. വെള്ളാപ്പള്ളിക്കെതിരെ ലീഗ് നേരിട്ട് രംഗത്തെത്തുമ്പോൾ, ഇത് രാഷ്ട്രീയപ്പോരായിക്കൂടി മാറുന്നു. ഇടത് അധ്യാപകസംഘടനകളുടെയടക്കം എതിർപ്പ് മറികടന്നും, മുബാറക് പാഷയെ ശ്രീനാരായണഗുരു സർവകലാശാല വിസിയാക്കിയത് മന്ത്രി കെ ടി ജലീലുമായുള്ള അടുത്ത ബന്ധത്തെത്തുടർന്നാണ് എന്നത് കൂടി പരിഗണിക്കുമ്പോഴാണ് മുസ്ലിം ലീഗിന്‍റെ നിലപാട് ശ്രദ്ധേയമാകുന്നത്.

ചന്ദ്രികയുടെ മുഖപത്രത്തിലെ എഡിറ്റോറിയലിന്‍റെ തലക്കെട്ട് തന്നെ ‘മുസ്ലിം പേരിനോട് ഓക്കാനമോ?’ എന്നതാണ്. മുബാറക് പാഷയെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ എന്നാണ് ചന്ദ്രിക വിശേഷിപ്പിക്കുന്നത്. ഗുരുവിന്‍റെ പേരിലുള്ള സർവകലാശാലയിൽ മുസ്ലിമിനെ വിസിയായി നിയമിച്ചതിൽ വെള്ളാപ്പള്ളി ഉയർത്തിയ എതിർപ്പിനെ മുഖപത്രം രൂക്ഷമായി വിമർശിക്കുന്നു. ”ശ്രീനാരായണ ആദർശങ്ങളെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവരെല്ലാം തന്നെ ഇത് കേട്ട് മൂക്കത്ത് വിരൽ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും മനുഷ്യരായ സർവരോടും കൽപിക്കുകയും ഉപദേശിക്കുകയും ചെയ്ത കേരളത്തിന്‍റെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിന്‍റെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്‍റെ ആശയാദർശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്‍റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ” – എന്നാണ് ചന്ദ്രിക പറയുന്നത്. ഗുരുവിന്‍റെ ആശയങ്ങളെ സ്വന്തം താത്പര്യത്തിന് വക്രീകരിച്ച ആളാണ് വെള്ളാപ്പള്ളിയെന്ന് വിമർശിക്കുന്ന ചന്ദ്രിക, ഇവ പലതും സ്വന്തം സ്വാർത്ഥ രാഷ്ട്രീയ സാമ്പത്തികമോഹത്തിന് ഉപയോഗിച്ചെന്നും പറയുന്നു. അവജ്ഞയോടെ തള്ളിക്കളയാവുന്ന വാക്കുകളാണ് വെള്ളാപ്പള്ളിയുടേതെന്നും ചന്ദ്രിക ആഞ്ഞടിക്കുന്നു.

മുബാറക് പാഷയെ ശ്രീനാരായണ സർവകലാശാല വിസി ആയി നിയമിച്ചതിനെച്ചൊല്ലി ഇടത് അധ്യാപക സംഘടനകൾക്കിടയിലും മുറുമുറുപ്പ് ഉയർന്നിരുന്നു. കെ.ടി.ജലീലിന്‍റെ മാത്രമല്ല, രണ്ട് വ്യവസായ പ്രമുഖരുടെയും ശുപാർശകൾ പാഷയ്ക്ക് തുണയായി എന്നാണ് സൂചന. വിസി ആയിരിക്കാൻ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വർഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.

കോഴിക്കോട് ഫറൂക്ക് കോളജ് പ്രിൻസിപ്പലായിരിക്കെ എസ്എഫ്ഐയുടെയും ഇടത് അധ്യാപകസംഘടനകളുടെയും ശത്രുപക്ഷത്തായിരുന്നു മുബാറക് പാഷ. പിന്നീട് യുഡിഎഫ് നോമിനിയായാണ് സർവ്വകലാശാലയിലെ കോളേജ് ഡെവലപ്‍മെന്‍റ് കൗൺസിൽ ഡയറക്ടറായത്. അവിടെ നിന്നും ഒമാനിലേക്ക് പോയി ഗൾഫാർ മുഹമ്മദിന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് ഒമാൻ നാഷണൽ യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തു വരികയായിരുന്നു പാഷ. ഗൾഫാറിനൊപ്പം മറ്റൊരു പ്രമുഖ പ്രവാസി വ്യവസായിയുടെയും പിന്തുണ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി ആകാൻ പാഷയ്ക്ക് തുണയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായുള്ള വ്യക്തി ബന്ധമായിരുന്നു മറ്റൊരു പ്രധാന ഘടകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button