NationalNews

ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു. ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. സബർകാന്ത ജില്ലയിൽ നിന്നുള്ള രണ്ടും ആരവല്ലിയിൽ നിന്നുള്ള മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്.

ചന്ദിപുര വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. മരണസാധ്യത കൂടുതലായ രോഗത്തിനു എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ടെന്നും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ സജീവമാണെന്നും മന്ത്രി അറിയിച്ചു.  

സബർകാന്തയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകൾ പുണെ ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്. ശക്തമായ പനി, മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്.

എന്താണ് ചന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതൽ പതിനാലു വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോ​ഗം ബാധിക്കുന്നത്. കൊതുകുജന്യരോ​ഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോ​ഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. ന​ഗരപ്രദേശങ്ങളേക്കാൾ ​ഗ്രാമപ്രദേശങ്ങളിലാണ് രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലക്ഷണങ്ങൾ

കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോ​ഗം ​ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോ​ഗംകൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.

പേരിനുപിന്നിൽ

ഇന്ത്യയുടെ പലഭാ​ഗങ്ങളിലും 2000-ത്തിന്റെ തുടക്കകാലത്ത് രോ​ഗം റിപ്പോർട്ട് ചെയ്തിരുന്നു.1965-ൽ മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലുള്ള ചന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി രോ​ഗം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ചന്ദിപുര വൈറസ് എന്ന പേരുവന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപനം ഉണ്ടായിരിക്കുന്നത് 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ​ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളിൽ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരണപ്പെട്ടത്.

ചികിത്സ

ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ നൽകിവരുന്നത്. ആന്റിറെട്രോവൈറൽ തെറാപ്പിയോ, വാക്സിനോ ലഭ്യമല്ല. ചുരുങ്ങിയസമയത്തിനുള്ളിൽ രോ​ഗം ​ഗുരുതരമാകുമെന്നതാണ് സങ്കീർണമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker