ന്യൂഡൽഹി: കൊവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ അഞ്ച് സംസ്ഥാനങ്ങളോട് മുൻകരുതൽ നടപടി സ്വീകരിക്കാൻ കേന്ദ്ര നിർദേശം. ഇതോടെ രാജ്യം നാലാം തരംഗ ഭീതിയിലേയ്ക്ക് പോകുകയാണോ എന്ന ആശങ്ക പടരുകയാണ്. 84ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4000 കടന്നിരുന്നു. 26പേരാണ് മരണപ്പെട്ടത്.
കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ വർദ്ധിക്കുന്നതെന്നും കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ കത്തയച്ചിരുന്നു. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
നാലാം തരംഗത്തെ നേരിടാൻ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ വെള്ളിയാഴ്ച നഗരത്തിലെ ആരോഗ്യപ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനും വാർ റൂമുകൾ തുറക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജൂലായ് മാസത്തോടെ മുംബയ് നഗരത്തിൽ നാലാം തരംഗം എത്തുമെന്നാണ് കാൺപൂർ ഐഐടിയിൽ നിന്നുള്ള വിദഗ്ദ്ധർ പറയുന്നത്. നിലവിൽ 8000പരിശോധനകളാണ് ദിവസവും നടക്കുന്നത്. ഇത് 30,000മുതൽ 40,000വരെയാക്കി വർദ്ധിപ്പിക്കും. പരിശോധന വർദ്ധിപ്പിക്കണമെന്ന് എല്ലാ ജില്ലാ ഭരണകൂടങ്ങളോടും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.