News

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; നാപ്ടോളിന് പത്ത് ലക്ഷം പിഴ

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ നാപ്ടോളിന് പിഴയിട്ട് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ). പത്ത് ലക്ഷം രൂപയാണ് നാപ്ടോളിന് പിഴ ചുമത്തിയിരിക്കുന്നത്. പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ചാണ് സി.സി.പി.എയുടെ നടപടി. ഫെബ്രുവരി രണ്ടിനാണ് നാപ്ടോളിനെതിരരെയുള്ള ഉത്തരവ് സി.സി.പി.എ പുറത്തിറക്കിയത്.

നാപ്ടോളിനെതിരെ സി.സി.പി.എ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് സെറ്റ് സ്വര്‍ണാഭരണം (Set of 2 Gold Jewelry), മാഗ്‌നറ്റിക് നീ സപ്പോര്‍ട്ട് (Magnetic Knee Support), ആക്വാപ്രഷര്‍ യോഗാ സ്ലിപ്പര്‍ (Aqua Pressure Yoga Slipper) എന്നീ ഉത്പന്നങ്ങള്‍ക്കെതിരെയാണ് സി.സി.പി.എയുടെ കേസ്. നാപ്ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സി.സി.പി.എ പറയുന്നു.

നാപ്ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സി.സി.പി.എയുടെ ഉത്തരവില്‍ പറയുന്നുണ്ട്. ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യം കൃത്രിമമായി സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കുകയും അതുവഴി ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് നാപ്ടോള്‍ ചെയ്യുന്നതെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.

ഈ ഉത്പന്നങ്ങളുടെ അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന് സി.സി.പി.എ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ 15 ദിവസത്തിനകം ഹാജരാക്കാനും സി.സി.പി.എ നാപ്ടോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാപ്ടോളിന് പുറമെ സെന്‍സൊഡൈന്‍ എന്ന ടൂത്ത്പേസ്റ്റ് കമ്പനിക്കെതിരെയും സി.സി.പി.എ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ ഇന്ത്യയില്‍ വിലക്കിയാണ് സി.സി.പി.എയുടെ ഉത്തരവ്.

ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകള്‍ പരസ്യത്തില്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നു എന്ന കാണിച്ചാണ് സെന്‍സൊഡൈനെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker