KeralaNews

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

കൊച്ചി:ബിരിയാണിയിൽ പഴുതാര. കൊച്ചിയിൽ കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ചു പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 429 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതിൽ 43 എണ്ണം അടപ്പിച്ചു. ഇതിൽ 22 സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിച്ചിരുന്നത്. 21 എണ്ണത്തിനു ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകൾക്കു 138 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. 44 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 

സംസ്ഥാനമാകെ പരിശോധന വ്യാപകമാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ടന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു. അവധി ദിവസങ്ങൾക്കു ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു പരിശോധന തുടരുന്നത്. 

ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button