
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയ അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്വന്നു. വീട്ടില്‍ നിന്നിറങ്ങിയ ഫര്‍സാന വെഞ്ഞാറമൂട് ജംക്ഷന്‍ വരെ നടന്നുപോയി. അവിടെ നിന്നാണ് അഫാന്‍ കൂട്ടിക്കൊണ്ടുപോയത്. അഫാന്‍ വിളിച്ചതിന് പിന്നാലെയാണ് ഫര്‍സാന മുക്കൂന്നൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ട്യൂഷന്‍ എടുക്കാന്‍ പോകുന്നുവെന്നാണ് ഫര്‍സാന വീട്ടുകാരോട് പറഞ്ഞത്. ആ യാത്ര അവസാനത്തേതുമായി. കഴിഞ്ഞ ദിവസം സംഭവത്തിന് മുമ്പ് അഫാന്റെ സഹോദരന്‍ അഫ്സാന്‍ വെഞ്ഞാറമൂട് കുഴിമന്തി വാങ്ങാന്‍ വന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, അഫാന്റെ ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടം കാരണം ജീവിതം മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാന്‍ കീഴടങ്ങിയപ്പോള്‍ പറഞ്ഞത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കുടുംബത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 65 ലക്ഷം രൂപ ഷെമി കടം വാങ്ങിയിരുന്നെന്നാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരം.
പിതാവിന് പണം അയക്കാന്‍ കൂടി പറ്റാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി കുടുംബം. ഇന്ന് അഫാന്റെ വിശദമായ മൊഴിയെടുക്കുമെന്നാണ് സൂചന. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിയുടെ മൊഴിയെടുക്കാന്‍ എത്തിയെങ്കിലും അതിന് സാധിച്ചില്ല. പ്രതിയുടെ മാനസികാവസ്ഥ ശരിയല്ലാതിരുന്നതിനാല്‍ ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. അഫാന്റെ മൊഴി കൂടി പരിശോധിച്ച ശേഷം കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.
അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവര്‍ സംസാരിച്ചു തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ അനുവാദത്തോടെ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും. ചില സമയങ്ങളില്‍ പരസ്പര ബന്ധമില്ലാതെയാണ് അഫാന്‍ സംസാരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യല്‍. അഫാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പരതിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അഫാന്റെയും കൊല്ലപ്പെട്ട കാമുകി ഫര്‍സാനയുടെയും ഫോണുകള്‍ പരിശോധിക്കും. സൈബര്‍ വിഭാഗത്തിന് ഇതു സംബന്ധിച്ച് കത്തു നല്‍കി.
കൊലയ്ക്കു ചുറ്റിക ഉപയോഗിച്ചതിനു പിന്നില്‍ അഫാന്റെ ആസൂത്രിത പദ്ധതിയുണ്ടാകാമെന്നാണു പൊലീസ് സംശയിക്കുന്നത്. ചുറ്റിക കൊണ്ട് അപ്രതീക്ഷിതമായി തലയ്ക്കടിയേല്‍ക്കുമ്പോള്‍ ശബ്ദിക്കാന്‍ കഴിയാത്ത വിധം ഇര വീണുപോകും. എല്ലാ കൊലയ്ക്കും ഈ മാര്‍ഗമാണ് അഫാന്‍ സ്വീകരിച്ചത്. ചുറ്റിക കൊണ്ടുള്ള ആക്രമണങ്ങളെക്കുറിച്ച് അഫാന്‍ തിരഞ്ഞിരുന്നോ എന്നു സ്ഥിരീകരിക്കാന്‍ സമീപകാല ഇന്റര്‍നെറ്റ് ഉപയോഗം പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ ഇടവേളയില്‍ അഫാന്‍ വെഞ്ഞാറമൂട്ടെ ഒരു ബാറില്‍ പോയി മദ്യപിച്ചതായും വിവരം കിട്ടി. ഉമ്മ ഷെമി, മുത്തശ്ശി സല്‍മ ബീവി, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദ എന്നിവരെ ആക്രമിച്ച ശേഷമാണ് അഫാന്‍ വെഞ്ഞാറമൂട്ടിലെ ബാറില്‍ പോയിരുന്ന മദ്യപിച്ചത്. അവിടെ നിന്ന് ഒരു കുപ്പി മദ്യം വീട്ടില്‍ കൊണ്ടുപോകാനായി വാങ്ങുകയും ചെയ്തു. മദ്യവുമായി വീട്ടിലേക്ക് പോകുന്നതിനിടയാണ് വഴിയില്‍ കാത്തുനിന്ന ഫര്‍സാനയെ വീട്ടിലേക്ക് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തി ഫര്‍സാനയെയും അനുജന്‍ അഫ്‌സാനെയും കൊലപ്പെടുത്തിയ ശേഷം വാങ്ങിയ മദ്യവും കഴിച്ചു. മദ്യത്തിലാണ് എലി വിഷം ചേര്‍ത്ത് കുടിച്ചത്