
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വിഎ ബാലു ജോലിയില്‍ തിരികെ പ്രവേശിച്ചില്ല. തന്ത്രിമാരുടെ എതിര്‍പ്പുള്ള പശ്ചാത്തലത്തില്‍ താന്‍ കഴക ജോലിക്കില്ലെന്നും ഓഫീസ് ജോലി ചെയ്യാമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇത് ദേവസ്വം വകുപ്പ് അംഗീകരിച്ചിട്ടില്ല. ബാലു കഴകജോലിയാണ് ചെയ്യേണ്ടതെന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഇതിനിടെയാണ് ഇന്ന് ജോലിയില്‍ പ്രവേശിക്കാതെ ബാലു അവധി നീട്ടിച്ചോദിച്ചത്.
അവധി നീട്ടി ചോദിച്ച് ബാലു ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കി. 15 ദിവസത്തേക്കാണ് അവധി നീട്ടി ചോദിച്ചത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് കത്തില്‍ പറയുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കിയാണ് ബാലു അവധി നീട്ടി ചോദിച്ച് കത്ത് നല്‍കിയത്. മാനേജ്‌മെന്റ് കമ്മിറ്റി യോഗം കൂടിയതിനുശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
വി എ ബാലുവിന്റെ അവധി ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അവധി നീട്ടി ചോദിച്ച് കത്ത് നല്‍കിയത്. തന്ത്രിമാരുടെ പരാതിയെ തുടര്‍ന്ന് കഴകക്കാരനായി നിയമിച്ച ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു. ഈ തസ്തികയിലേക്കാണ് തിരികെ പ്രവേശിക്കേണ്ടിയിരുന്നത്.
തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാന്‍ ബാലുവിനോട് ആവശ്യപ്പെടുമെന്നാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി.കെ ഗോപി നേരത്തെ വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിയമിച്ച കഴകക്കാരന്‍ ആ തസ്തികയില്‍ തന്നെ ജോലി ചെയ്യണം എന്നുള്ളതാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തില്‍ ഈയാഴ്ച യോഗം ചേരും. ഈഴവനായത് കൊണ്ടാണ് ബാലുവിനെ തസ്തികയില്‍ നിന്നും മാറ്റിയതെന്നാണ് ആരോപണം.
ബാലുവിനെ ഓഫീസ് ഡ്യൂട്ടിയില്‍ തുടരാന്‍ താല്‍ക്കാലിക വര്‍ക്ക് അറേഞ്ച് മെന്റിന് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരം ഉണ്ട്. എന്നാല്‍ ഇതിനോട് ഭരണസമിതിക്ക് യോജിപ്പില്ല. ക്ഷേത്രത്തില്‍ കഴകക്കാരന്‍ ആകാന്‍ ഇനിയില്ലെന്ന് ബാലു നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ കാരണം ഇനി ഒരു പ്രശ്‌നമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനമെന്നും ബാലു പ്രതികരിച്ചിരുന്നു.
തന്റെ നിയമനത്തില്‍ തന്ത്രിമാര്‍ക്ക് താല്‍പ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയില്‍ പ്രവേശിക്കും. വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്‌തോളാമെന്നും ബാലു വ്യക്തമാക്കിയിരുന്നു.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യര്‍ സമാജം എതിര്‍പ്പിനെ തുടര്‍ന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്തുനല്‍കിയിരുന്നു. ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. ഈഴവ സമുദായത്തില്‍പ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിര്‍പ്പിന് കാരണമെന്നാണ് വിമര്‍ശനം.