പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്. ചെന്നൈ സ്വദേശി നാരായണനാണ് അനുമതിയില്ലാതെ പൂജ നടത്തിയത്. ഇയാൾ മുൻപ് ശബരിമലയിൽ കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കയറിയതിന് വനംവകുപ്പാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.
വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണൻ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോർഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തുകയായിരുന്നു. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല.
സംഭവത്തിൽ തുടർനടപടികൾ വേണമെന്ന് ദേവസ്വത്തിന് നിർബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കെ അനന്തഗോപൻ പങ്കെടുത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ദേവസ്വം ബോർഡും നടത്തും.
ഒരുമാസം മുൻപാണ് പൂജ നടന്നതെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്. നാരായണൻ മുൻപ് പല തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ് വൃത്തങ്ങൾ പറയുന്നു. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്‌ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവർക്ക് വ്യാജ രസീതുകൾ നൽകി എന്നതുൾപ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.