കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യക്കെതിരെ നവീന്റെ സഹോദരന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് നേരത്തെ തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.