
കാസർകോട്: വാട്സാപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖിനെതിരെയാണ് കല്ലൂരാവി സ്വദേശിനി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21നായിരുന്നു സംഭവം.
ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി. ‘ഭർത്താവിന്റെ അമ്മയും രണ്ട് സഹോദരിമാരും പീഡിപ്പിച്ചിരുന്നു. ഭക്ഷണം തരാതെ മുറിയിൽ അടച്ചിടും. അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല. രണ്ടര വർഷത്തോളം ഇങ്ങനെയായിരുന്നു. ആ സമയത്ത് ഭർത്താവ് നന്നായാണ് പെരുമാറിയത്. അതുകൊണ്ട് എല്ലാം സഹിച്ച് ജീവിച്ചു. ഒഴിവാക്കിയതിനുളള കാരണം അറിയില്ല.
2022ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്’- യുവതി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുൽ റസാഖ് തട്ടിയെടുത്തെന്ന് യുവതിയുടെ പിതാവും ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.