KeralaNews

ബിജെപി ഭരണത്തിൽ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥയില്ല’; മോദി നല്ല ലീഡറെന്ന് മാർ ജോർജ് ആലഞ്ചേരി

കൊച്ചി:: രാജ്യത്തെ ബിജെപി ഭരണത്തിൽ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന് സിറോ മലബാർ സഭാ മേധാവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

അതുകൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ല എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും കോൺഗ്രസിനോട് മുൻപ് ആഭിമുഖ്യം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇല്ലാതായി. കോൺഗ്രസുമായുള്ള ക്രൈസ്തവരുടെ ബന്ധം വഷളായത് അവർ സ്വീകരിച്ച തെറ്റായ നയങ്ങൾ കൊണ്ടാണ്.

ഒരു വിഭാഗം ഇടതുപക്ഷത്തോട് കൂറ് മാറി, മറ്റൊരു പോംവഴി അതായിരുന്നു. എന്നാൽ ഇടതുപക്ഷ പാർട്ടികളും ചില സന്ദർഭങ്ങളിൽ അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. അതിനാൽ, ആളുകൾ മറ്റ് വഴികൾ തേടുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ബിജെപിയെ ഒരു ഓപ്ഷനായി ചിന്തിക്കുന്നുണ്ടാകാം.

കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുമുണ്ടെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.

ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് പ്രശ്‌നമാണെന്ന് ചിലർ പറയുന്നു. അതെന്തുകൊണ്ടാണെന്ന് അറിയില്ല. ഹൈന്ദവ ആധിപത്യം ഇവിടെ വന്നാൽ മുസ്ലീം വിഭാഗങ്ങളെ തുരത്തുമെന്ന് അവർ കരുതുന്നുണ്ടാവാം. മുസ്ലീം ഭൂരിപക്ഷമുളള രാജ്യങ്ങളിൽ മറ്റെല്ലാ മതക്കാരെയും തുരത്തുക എന്നതാണ് രീതി. അതേ ശൈലിയിൽ മുസ്ലീംങ്ങളെ പറ്റി ഇവരും ചിന്തിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തിയെന്ന നിലയിൽ മോദി ഒരു നല്ല ലീഡർ ആണ്. അത് വളർത്തിയെടുക്കാൻ മോദി പരിശ്രമിക്കുകയും അയാൾ അതിൽ വിജയിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം അത് വളർത്തിയെടുത്തു. അദ്ദേഹം ആരുമായും ഏറ്റുമുട്ടലുകൾക്ക് പോകാറില്ല.

നേതൃത്വപരമായി പ്രാഗൽഭ്യം വളർത്തിയെടുത്തുകൊണ്ടാണ് വളരാൻ ശ്രമിക്കുന്നത്. അതിനാൽ ജനങ്ങൾക്ക് സർക്കാരിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. മറ്റ് ചില കുറവുകൾ ജനങ്ങൾ മറക്കുകയും ചെയ്യും. അത് സ്വഭാവികമാണ്,’ ജോർജ് ആലഞ്ചേരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker