KeralaNews

അച്ചടക്കത്തിന്‍റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു’; കുര്‍ബാനയെ അവഹേളിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആലഞ്ചേരി

കൊച്ചി: എറണാകുളം ബസിലിക്ക പള്ളിയിലെ സംഘർഷത്തില്‍ അപലപിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സംഭവം അതീവ ദുഃഖകരമാണെന്ന് പറഞ്ഞ ആലഞ്ചേരി, അച്ചടക്കത്തിന്റെ എല്ലാ അതിർവരമ്പും ലംഘിച്ചെന്നും വിമര്‍ശിച്ചു. കുർബാനയെ സമരത്തിന് ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും കുർബാനയെ അവഹേളിച്ചവർക്കെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തി. ഏകീകൃത കുർബാനക്കെതിരായ സമരങ്ങളിൽ നിന്ന് വൈദികരും വിശ്വാസികളും പിന്മാറണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

ഡിസംബർ 23-24 തീയതികളിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളെ സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച് ബിഷപ്പ് മാർ  ആൻഡ്രൂസ് താഴത്തും അപലപിച്ചു.

ദേവാലയ വിശുദ്ധിയുടെയും കൗദാശികമായ പാവനതയുടെയും സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിർവരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് ഡിസംബർ 23-24 തീയതികളിൽ നടന്നത്. ഒരു സമരമാർഗ്ഗമായി കുർബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

സീറോ മലബാർ സഭാ മെത്രാൻ സിനഡിൻ്റെ തീരുമാനപ്രകാരം, പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ നിശ്ചയിക്കപ്പെട്ട ഏകീകൃത കുർബാന അർപ്പണരീതിയ്ക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്മായരും ചേർന്ന് നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളിൽ സീറോമലബാർ സഭ ഒന്നാകെ അതീവ ദുഃഖത്തിലാണ്. ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സമരമാർഗ്ഗങ്ങളിൽ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും ആലഞ്ചേരി അഭ്യർത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker