KeralaNews

ആലപ്പുഴയിൽ കാർ കത്തി മരിച്ചത് ഉടമ ജയിംസ് കുട്ടി; ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തിച്ചു

ആലപ്പുഴ∙ തായങ്കരിയിൽ ഇന്നു പുലർച്ചെ കാർ കത്തി മരിച്ചത് കാർ ഉടമയായ എടത്വ മാമ്മൂട്ടിൽ ജയിംസ്കുട്ടി ജോർജ് (49) തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഏറെക്കുറെ പൂർണമായും കത്തിയ മൃതദേഹാവശിഷ്ടങ്ങൾക്കിടയിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ്കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്.

ഇയാളുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടർന്ന് ഇട്ടിരുന്ന കമ്പി വീട്ടുകാർ തിരിച്ചറിഞ്ഞു. സംസ്കാരം ഇന്നു വൈകിട്ട് 5.30ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും. ഭാര്യ: ജോയിസ്, മക്കള്‍. ആൽവിൻ, അനീറ്റ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

കാറിനുള്ളിൽ കയറി ജയിംസ് കുട്ടി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒൻപതു മണിക്കൂറോളം നീണ്ട ആശങ്കകൾക്ക് ഒടുവിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. രോഗബാധിതനായിരുന്ന ജയിംസ്കുട്ടി മദ്യപിച്ച് വീട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പറയുന്നു. വഴക്കിനെ തുടർന്ന് രാത്രിയിൽ ഉൾപ്പെടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന പതിവുമുണ്ടായിരുന്നു. ആധാരം ഉൾപ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്കുട്ടി ഒരു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു. മക്കളുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കത്തിച്ചതായാണ് വിവരം.

എടത്വ പഞ്ചായത്തിൽ തായങ്കരി ജെട്ടി റോഡിൽ ഇന്നു പുലർച്ചെയാണ് സംഭവം. പുലർച്ചെ മൂന്നു മണിയോടെ കാർ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. പട്ടികൾ നിർത്താതെ കുരയ്ക്കുന്നതു കണ്ടാണ് ഇയാൾ പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും ഉള്ളിലുണ്ടായിരുന്ന ആളും പൂർണമായും കത്തിയിരുന്നു. തായങ്കരി ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാർ കത്തിയത്. ഇവിടെ കാറുകൾ പാർക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker