കൊച്ചി: കൊച്ചി ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. പുലർച്ചെ നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാർ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശി രഞ്ജി ജോസ്, തിരുവാണിയൂർ സ്വദേശി ജോഷ് എന്നിവർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലും സുഹൃത്തായ ജിതിനും ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.
സീപോർട്ട് എയർപോർട്ട് റോഡിൽ പുലർച്ചെ 4.30 മണിയോടെയാണ് അപകടം. കാക്കനാട് ഭാഗത്ത് നിന്ന് സിമന്റ് ലോഡുമായി വരികയായിരുന്ന ലോറിയിൽ എതിരെ കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ ദിശ തെറ്റി ലോറിയിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. തിരുവാണിയൂർ സ്വദേശിയായ 26കാരനായ അജിത്ത് മരിക്കുകയും ചെയ്തു. അപകടം കണ്ട വാഹനയാത്രക്കാരും, ഫയർഫോഴ്സും, ഹിൽപാലസ് പൊലീസും ചേർന്നാണ് കാറിനുള്ളിൽ നിന്ന് നാല് പേരെയും പുറത്തെടുത്തത്.
കൊച്ചി വളഞ്ഞമ്പലത്തെ സ്വകാര്യസ്ഥാപനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർത്ഥികളാണ് നാല് പേരും. മരിച്ച അജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാനായി ഇന്നലെ വൈകീട്ട് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു അജിത്ത്. സുഹൃത്തുക്കൾക്കൊപ്പം കാക്കനാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
കൊച്ചി ബിപിസിഎൽ, ഐഒസി ഉൾപ്പെടെ വ്യവസായ മേഖലയിലെ പ്രധാന റോഡിന് വീതി വളരെ കുറവാണ്. എന്നാൽ അമിതവേഗതയാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാർ അമിത വേഗതയിൽ വരുന്നത് കാണാം.