ഒറ്റാവ: ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. എന്നാൽ അടുത്തിടെയുണ്ടായ നയതന്ത്രപരമായ സംഘർഷങ്ങൾ മൂലം ഇന്ത്യ- കാനഡ ബന്ധത്തിൽ ഉലച്ചിൽ നേരിട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്കടക്കം തിരിച്ചടിയായി വിസ നയങ്ങളിലും കനേഡിയൻ സർക്കാർ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.
കനേഡിയൻ വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്കാണ് തിരിച്ചടി നേരിടുന്നത്. സന്ദർശക വിസകൾ നിരസിക്കുന്നതിന് പുറമെ അതിർത്തികളിൽ ഔദ്യോഗിക രേഖകളുമായി എത്തുന്നവരെപ്പോലും മടക്കി അയക്കുകയാണ് കനേഡിയൻ സർക്കാർ. കനേഡിയൻ അതിർത്തികളിൽ വിദേശികൾക്ക് പ്രവേശനം നിരസിക്കുന്നത് 2019നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലായിൽ മാത്രം, വിദ്യാർത്ഥികളും തൊഴിലാളികളും വിനോദസഞ്ചാരികളും ഉൾപ്പെടെ 5853 വിദേശ യാത്രക്കാരെയാണ് കാനഡ തിരിച്ചയച്ചത്. 2024ലെ ആദ്യ ഏഴ് മാസങ്ങൾ പരിശോധിച്ചാൽ പ്രതിമാസം ശരാശരി 3727 വിദേശ യാത്രക്കാർക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങളാണ് ഇതിന് പിന്നിൽ.
കുടിയേറ്റം മൂലമുണ്ടാകുന്ന ഭവന ദൗർലഭ്യവും ഉയർന്ന വിലയും കനേഡിയൻ പൗരന്മാർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചതും ഇമിഗ്രേഷൻ നയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനെ നിർബന്ധിതരാക്കി. എന്നാൽ വിസ നിരസിക്കലിനെക്കുറിച്ച് കനേഡിയൻ സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
പഠന, വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് മുൻവർഷങ്ങളേക്കാൾ കുറഞ്ഞു. പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം പുനർനിർണയിക്കാനുള്ള കനേഡിയൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. നീക്കം പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടിയെന്നാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വിശദീകരിച്ചത്. കാനഡയിൽ ജനസംഖ്യാനിരക്ക് ഉയരുന്നതിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
2013നും 2023നും ഇടയിൽ, കാനഡയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരും എണ്ണം 32,828ൽ നിന്ന് 1,39,715 ആയി ഉയർന്നു, 326 ശതമാനം വർദ്ധനവാണ് ഉണ്ടായത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാർ അമേരിക്കയെക്കാൾ കാനഡ തിരഞ്ഞെടുക്കുന്നുവെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടി. അമേരിക്കയിൽ എച്ച്-1 ബി സ്റ്റാറ്റസ്, പി ആർ എന്നിവ നേടുന്നത് കാനഡയെ അപേക്ഷിച്ച് ബുദ്ധിമുട്ടാണ്. മാത്രമല്ല കാനഡയിൽ താത്‌കാലിക ജോലി, പെർമനന്റ് റെസിഡൻസി എന്നിവ ലഭിക്കാനും എളുപ്പമാണെന്ന് പഠനം വ്യക്തമാക്കുന്നു.
കനേഡിയൻ സർവ്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ രണ്ട് ദശകങ്ങളിലായി 5800 ശതമാനത്തിലധികമാണ് ഉയർന്നത്. 2000ൽ 2181 ആയിരുന്നത് 2021ൽ 1,28,928 ആയി ഉയർന്നു. 1,26,747 വിദ്യാർത്ഥികളുടെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.