തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി മന്ത്രി ജി.ആർ.അനിൽ ഇന്നുച്ചയ്ക്ക് കോട്ടൺഹിൽ സ്കൂൾ സന്ദർശിച്ചിരുന്നു. പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്‍കൂൾ അധികൃതർ ചോറും കറികളും എത്തിച്ചു.
ഭക്ഷണത്തിൽ നിന്നും തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ശുചീകരണം മെച്ചപ്പെടണം എന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതി. കോട്ടൺഹിൽ എൽപി സ്‍കൂൾ ഉൾപ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥല പരിമിതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജി.ആർ.അനിൽ വ്യക്തമാക്കി. മികച്ച ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നതെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‍കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ സന്ദർശനം തുടരുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള സന്ദേശമാണ് സന്ദർശനം. ഇന്നലെ കോഴിക്കോട് ജില്ലയിൽ മന്ത്രി എത്തിയിരുന്നു. കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. സംസ്ഥാനത്തെ ചില വിദ്യാലയങ്ങളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്നാണ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളുകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്.