KeralaNews

നിലയ്ക്കലിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 13 പേർക്ക് പരിക്ക്, രണ്ടുപേർക്ക് ഗുരുതരം

പമ്പ: ശബരിമല തീർഥാടകരുമായി വന്ന മിനി ബസ് നിലയ്ക്കലിൽ നിയന്ത്രണംവിട്ട് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശബരിമല ദർശനം കഴിഞ്ഞുമടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.

നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ശബരിമലയിലേക്ക് തീർഥാടക പ്രവാഹം തുടരുകയാണ്. സന്നിധാനം മുതൽ നീലിമല വരെ തീർഥാടകരുടെ നീണ്ട നിരയാണ് ക്രിസ്മസ് ദിനത്തിൽ പുലർച്ചെ അനുഭവപ്പെടുന്നത്. കടുത്ത തിരക്ക് നിയന്ത്രിക്കാൻ കർശനനിയന്ത്രണങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തീർഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കുമളി റൂട്ടിലും ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്ന് പൊലീസ് തീർഥാടകരോട് ആവശ്യപ്പെട്ടു.

ശനിയാഴ്‌ച വരെ മണ്ഡലകാലത്ത് ശബരിമലയിൽ 25,69,671 തീർഥാടകരാണ് ദർശനത്തിനെത്തിയത്. സ്‌പോട്ട് ബുക്കിങ് ദിവസവും 10,000 എന്ന ക്രമത്തിൽ തന്നെ നിലവിൽ തുടരുകയാണ്. 15,000 വരെയാക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button