Newspravasi

കെട്ടിടത്തിലെ തീപിടിത്തം;ഷാർജയിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാർ

ഷാർജ: എമിറേറ്റിലെ അൽ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്സ്ബി ലൈവ് ജീവനക്കാരനായ മൈക്കിൾ സത്യദാസ്, മുംബൈക്കാരിയായ 29കാരിയുമാണ് മരിച്ച ഇന്ത്യക്കാർ. ഇവരുടെ ഭർത്താവിൻ്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ദമ്പതികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

യുവതിയുടെ പിതാവ് യുഎഇയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തീകരിച്ച ശേഷം യുവതിയുടെ സംസ്‌കാരം യുഎഇയിൽ നടത്തുമെന്ന് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാ​ഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആവശ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവരെ സന്ദർശിച്ചതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

മരിച്ചവരിൽ ഫിലിപ്പീൻസ് പ്രവാസിയുമുണ്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നി​ഗമനം. അവരുടെ ഭർത്താവ് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ട എല്ലാവർക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഷാർജ അൽ നഹ്ദയിലെ താമസകെട്ടിടത്തിനാണ് തീപിടിച്ചത്. പരിക്കേറ്റവരിൽ 17 പേർ ഇപ്പോൾ ആശുപത്രിയിലാണ്. 27 പേർ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നും ഷാർജ പൊലീസ് അറിയിച്ചു. 750 അപ്പാർട്ട്‌മെൻ്റുകളുള്ള ഒൻപത് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker