ബഫർ സോൺ: പ്രതിഷേധം രൂക്ഷം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി (ബഫർ സോൺ) ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യുന്നതിന് നാളെ മുഖ്യമന്ത്രിയുടെ ചേംബറിൽ അടിയന്തര യോഗം വിളിച്ചു. റവന്യു–വനം–തദ്ദേശ മന്ത്രിമാർ പങ്കെടുക്കും. ബഫർ സോൺ വിഷയത്തിൽ സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ട് അപൂർണവും അവ്യക്തവുമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തത്.
പരിസ്ഥിതി ലോല മേഖലയിലെ ജനവാസ പ്രദേശങ്ങൾ സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്ന ഉപഗ്രഹ സർവേ റിപ്പോർട്ടല്ല സുപ്രീം കോടതിയിൽ സമർപ്പിക്കുകയെന്ന് വിശദീകരിച്ച വനം മന്ത്രി എ.കെ.ശശീന്ദ്രൻ, പിന്നീടു മലക്കംമറിഞ്ഞു. റിപ്പോർട്ട് കോടതിയിൽ നൽകാതിരിക്കാൻ കഴിയില്ലെന്നു മന്ത്രി പറഞ്ഞു. റിപ്പോർട്ട് സുപ്രീം കോടതയിൽ സമർപ്പിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഉപഗ്രഹ സർവേ നടത്തി റിപ്പോർട്ട് തയാറാക്കാൻ സർക്കാർ തീരുമാനിച്ചത്. തെറ്റുകളും പൊരുത്തക്കേടുകളും നിറഞ്ഞ അപൂർണ റിപ്പോർട്ട് സമർപ്പിച്ച ശേഷം വിദഗ്ധ സമിതിയുടെ അനുബന്ധ റിപ്പോർട്ടിൽ അതെല്ലാം തിരുത്താമെന്ന നിലപാട് കോടതി അംഗീകരിക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതോടെയാണ് മലയോരമേഖലകളിൽ പ്രതിഷേധം രൂക്ഷമായത്.
ഇതിനിടെ കൽപറ്റയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി.