
ഇടുക്കി: മറയൂരിൽ ചേട്ടൻ അനിയനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതായി വിവരങ്ങൾ. ഇടുക്കി മറയൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തി അടി ഉണ്ടാക്കുന്നത് സ്ഥിരം സംഭവമെന്ന് നാട്ടുകാർ പറയുന്നു. പതിവുപോലെ ഇന്നും മദ്യപിച്ച് വന്ന് പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ആണ് കൊലപാതകം നടന്നത്. പൊടുന്നനെ ഉണ്ടായ പ്രകോപനത്തിൽ വെട്ടുകത്തിയെടുത്ത് ആഞ്ഞുവീശുകയായിരുന്നു. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇടുക്കി മറയൂരിലാണ് ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തിയത്. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. മറയൂർ ചെറുവാട് സ്വദേശി ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പോലീസ് പറയുന്നത്.
വൈകിട്ട് സ്ഥിരമായി വരുന്നത് പോലെ മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവർ നേരത്തെ ചെറുവാട് ഭാഗത്തായിരുന്നു താമസം. പ്രദേശവാസികളുമായി ജഗൻ സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്ന് ഇന്ദിരാനഗറിലേക്ക് താമസം മാറ്റുകയായിരുന്നു. പക്ഷെ ഇവിടെയും ജഗൻ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പോസ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.