‘ബ്രോ ഡാഡി’ ഹൈദരാബാദിൽ തുടങ്ങി; ലൊക്കേഷൻ ഫോട്ടോയുമായി സുപ്രിയ മേനോൻ
മോഹൻലാൽ -പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങി. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രീകരണം തുടങ്ങിയതായി പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയാ മേനോൻ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സുപ്രിയ പങ്കുവച്ചു. ”ബ്രോ ഡാഡി ഇന്ന് രാവിലെ തുടങ്ങി.ഡയറക്ടർ സാർ വീണ്ടും മോണിറ്ററിന് മുന്നിൽ എത്തിയിരിക്കുന്നു”- സുപ്രിയ കുറിച്ചു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗം എമ്പുരാനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് ബ്രോ ഡാഡി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കോമഡി പ്രാധാന്യം നൽകുന്നതെന്നാണ് ചിത്രം എന്നാണ് സൂചന.
ആന്‍റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. കേരളത്തിൽ ഷൂട്ടിങ് തുടങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ തെലുങ്കാനയിൽ ഷൂട്ടിങ് നടത്താൻ തീരുമാനിക്കുകയായിരുന്നെന്നും ഇതുമൂലം വലിയ നഷ്ടം ഉണ്ടാക്കുമെന്നും ആന്‍റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മോഹൻലാലിനൊപ്പം മുഴുനീള കഥാപാത്രമായി പൃഥ്വിരാജും ബ്രോ ഡാഡിയിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ,മീന എന്നിവരാണ് നായികമാർ. ശ്രീജിത്ത്.എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം.സംഗീത സംവിധാനം- ദീപക് ദേവ്. ഓഡിയോഗ്രഫി എം.ആർ. രാജകൃഷ്ണൻ.ഹൈദരാബാദ് മാത്രമായിരിക്കുമോ ലൊക്കേഷൻ എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.
ബ്രോ ഡാഡി ഉൾപ്പടെ ഏഴ് സിനിമകളാണ് കേരളത്തിന് പുറത്തേക്ക് ഷൂട്ടിങ് മാറ്റിയത്. സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടും സിനിമാ ചിത്രീകരണം തുടങ്ങാൻ അനുവദിക്കാത്തതിൽ ചലചിത്ര സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഇൻഡോർ ഷൂട്ടിങ്ങിനെങ്കിലും അനുമതി നൽകണമെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നുമാണ് ഫെഫ്കയും ഫിലിം ചേംബറും ആവശ്യപ്പെടുന്നത്. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ സിനിമ ചിത്രീകരിക്കട്ടെ എന്നാണ് വിഷയത്തിൽ സിനിമാ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്.