ആ വീഡിയോ പഴയത്, കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ പുറത്തെത്തിയ്ക്കാനുള്ള ദൗത്യം പൂർത്തിയായില്ല
കൊച്ചി: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയുമിപ്പോൾ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ്. രണ്ടുനാൾ മുമ്പ് കുഴൽക്കിണറിൽ അകപ്പെട്ട രണ്ടു വയസുകാരനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലുമാണ്. ഇതിനിടയിലാണ് കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ സുജിത്തിനെ രക്ഷപ്പെടുത്തിയതായി ചൂണ്ടിക്കാട്ടുന്ന വീഡിയോ പ്രചരിയ്ക്കുന്നത്. എന്നാൽ ഈ വീഡിയോകൾ മറ്റൊരു അപകടത്തിന്റേത്. രണ്ടുവർഷം മുമ്പ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ നിരവധിപേരാണ് ഈ പഴയ വീഡിയോ തിരുച്ചിറപ്പള്ളിയിലെ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പറഞ്ഞ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തക സംഘത്തിനും ദൈവത്തിനുമൊക്കെ നന്ദിയും പ്രകടിപ്പിയ്ക്കുന്നു.
2017 ഓഗസ്റ്റ് 16-നാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ സംഭവമുണ്ടായത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴൽക്കിണറിൽ വീണത്. 15 അടിയോളം താഴ്ചയിൽ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ സുജിത് വിൽസൺ എന്ന കുട്ടിയുടേത് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പട്ടിയിൽ കുഴൽക്കിണറിൽ വീണ സുജിത് വിൽസണെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഞായറാഴ്ച രാത്രി വൈകിയും തുടരുകയാണ്. കുഴൽക്കിണറിൽ വീണ് 48 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ല. നിലവിൽ കുഴൽക്കിണറിന് സമീപത്തായി കൂടുതൽ വ്യാസമുള്ള മറ്റൊരു കുഴി നിർമിച്ച് അതിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം.