ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് സ്കൂളിലെത്തിയ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. രാവിലെയോടെയായിരുന്നു സംഭവം.
ആർകെ പുരത്തും, പശ്ചിം വിഹാറിലുമുള്ള സ്കൂളുകൾക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. സ്കൂളുകളുടെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിലേക്ക് ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഇത് കണ്ട സ്കൂൾ അധികൃതർ ഉടനെ വിവരം പോലീസിനെ അറിയിച്ചു.
രാവിലെ സ്കൂളിലേക്ക് കുട്ടികൾ എത്തിക്കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. ഇതേ തുടർന്ന് എല്ലാവരെയും തിരികെ വീടുകളിലേക്ക് പറഞ്ഞയച്ചു. പോലീസും ബോംബ് സ്ക്വാഡും എത്തി സ്കൂളുകളിലും പരിസരത്തും പരിശോധന തുടരുകയാണ്. ഇതുവരെ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനാൽ ഭീഷണി വ്യാജമാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രോഹിണിയിലെ വെങ്കിടേശ്വർ ഗ്ലോബൽ സ്കൂളിലും സമാനമായ രീതിയിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. രണ്ട് സംഭവത്തിന് പിന്നിലും ഒരാൾ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.