അമേരിക്കയിൽ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്ക്കോ സാധ്യത, ബോംബ് ചുഴലി മുന്നറിയിപ്പ്, ഇതുവരെ 19 മരണം
വാഷിങ്ടൺ: അതിശൈത്യം തുടരുന്ന അമേരിക്കയിൽ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്. ദുരന്ത സാധ്യത കണക്കിലെടുത്ത് യാത്രകൾ റദ്ദാക്കാൻ ജനങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. അതിശൈത്യത്തെ തുടർന്നുള്ള ശീത കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി.
ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെ കടന്നു പോകുകയാണ് അമേരിക്കൻ ജനത. ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് അനുസരിച്ചാണെങ്കിൽ ഏത് നിമിഷവും സംഭവിച്ചേക്കാവുന്ന ഒരു ബോംബ് ചുഴലി പ്രതീക്ഷിച്ച്. അന്തരീക്ഷ മർദ്ദം പൊടുന്നനെ താഴ്ന്ന് കൊടുങ്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെടുന്നതാണ് ബോംബ് ചുഴലി. ഇതിന്റെ ഫലമായി, ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റോ, അതിശക്തമായ മഞ്ഞു വീഴ്ചയോ പ്രളയമോ ഉണ്ടാകാം. അമേരിക്കയിലെ ആകെ ജനതയുടെ 70 ശതമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഞ്ഞുവീഴ്ച ഇതിനോടകം അമേരിക്കയിൽ 19 പേരുടെ ജീവനെടുത്തു. വൈദ്യുതി വിതരണം താറുമാറായതോടെ പലയിടങ്ങളും ഇരുട്ടിലാണ്. അമേരിക്കയിലും കാനഡയിലുമായി 15 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. രണ്ട് കോടിയോളം പേരെ ഇതുവരെ ശൈത്യം ബാധിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി വിതരണം താറുമാറായതോടെ 15 ലക്ഷത്തോളം വീടുകളാണ് ഇരുട്ടിലായത്. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
മൊണ്ടാനയിലെ എൽക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിയിൽ രേഖപ്പെടുത്തിയ താപനില. മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അമേരിക്ക കാനഡ അതിർത്തിയിൽ ജനജീവിതം അതീവ ദുസ്സഹമായിട്ടു .