NationalNews

കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കോണ്‍ട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍; സംഭവം ഛത്തീസ്ഗഢില്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹമാണ് ബിജാപൂര്‍ ടൗണിലെ പ്രാദേശിക റോഡ് കോണ്‍ട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്.

റോഡ് കോണ്‍ട്രാക്ടറുടെ സഹോദരന്‍ വിളിച്ചത് പ്രകാരം ജനുവരി ഒന്നിന് അദ്ദേഹത്തെ കാണാനായി പോയതായിരുന്നു 28 കാരനായ മുകേഷ് ചന്ദ്രക്കര്‍. ഫോണ്‍ കോളിനെക്കുറിച്ച് മുകേഷ് റായ്പൂരിലെ ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതായും കരാറുകാരന്റെ സഹോദരന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും വിവരമുണ്ട്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12.30ഓടെ മുകേഷിന്റെ ഫോണുകള്‍ സ്വിച്ച് ഓഫായി.

അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയതുമില്ല. വളരെ ചെറുപ്പത്തില്‍ നിന്ന് മാതാപിതാക്കളെ നഷ്ടമായ മുകേഷ് ചന്ദ്രക്കറിന് പത്രപ്രവര്‍ത്തകന്‍ കൂടിയായ ഒരു സഹോദരനുണ്ട്. ജനുവരി രണ്ടിനാണ് സഹോദരന്‍ മുകേഷിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതിപ്പെടുന്നത്. സഹോദരന്റെ പരാതിയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മുകേഷിന്റെ മൊബൈല്‍ ലോക്കേഷന്‍ വെച്ചുള്ള അന്വേഷണത്തില്‍ കരാറുകരാനായ സുരേഷ് എന്നയാളുടെ സ്ഥലത്ത് വെച്ചാണ് ഫോണ്‍ അവസാനമായി ഓണായത് എന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച സെപ്റ്റിക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇത് തുറന്ന് നടത്തിയ അന്വേഷണത്തിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ട് എന്നാണ് വിവരം. സുരേഷ് ചന്ദ്രക്കറടക്കം നിരവധി പേരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. മുകേഷിന്റെ മരണത്തിന് അടുത്ത കാലത്ത് നടത്തിയ വാര്‍ത്ത ഫീച്ചറുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രക്കര്‍ ബസ്തര്‍ ജംഗ്ഷന്‍ എന്ന യൂട്യൂബ് ചാനലും സ്ഥാപിച്ചിട്ടുണ്ട്.

2021 ല്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ സിആര്‍പിഎഫ് കോബ്രാ യൂണിറ്റിലെ കമാന്‍ഡോ രാകേശ്വര്‍ സിംഗ് മാന്‍ഹാസിനെ മോചിപ്പിക്കുന്നതില്‍ പൊലീസിനെ സഹായിച്ചയാളാണ് മുകേഷ്. ‘ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, സത്യം തുറന്നുകാട്ടുന്നതിന് എന്റെ സഹപ്രവര്‍ത്തകന്‍ ആത്യന്തികമായ വില നല്‍കി. പത്രപ്രവര്‍ത്തകര്‍ ദിനംപ്രതി എടുക്കുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇത്. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു.

ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണവും ആവശ്യപ്പെടുന്നു,’ എന്‍ഡിടിവി റസിഡന്റ് എഡിറ്റര്‍ അനുരാഗ് ദ്വാരി പറഞ്ഞു. പ്രതികളെ വെറുതെ വിടില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. ”മുകേഷ് ജിയുടെ നഷ്ടം പത്രപ്രവര്‍ത്തന മേഖലയ്ക്കും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. ഈ സംഭവത്തിലെ പ്രതികളെ ഒരു കാരണവശാലും വെറുതെ വിടില്ല.

പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കര്‍ശനമായ ശിക്ഷ ഉറപ്പാക്കാനും ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ”മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ശക്തമായി അപലപിച്ചു. തലസ്ഥാനത്ത് തുടങ്ങിയ ഭീകരമായ കൊലപാതക പരമ്പര ഇപ്പോള്‍ ബസ്തറില്‍ എത്തിയിരിക്കുന്നു. ബസ്തറില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജഗദല്‍പൂരില്‍ ഒരു ഡോക്ടറുടെ ഭാര്യ കൊല്ലപ്പെട്ടു. പക്ഷപാതരഹിതമായ റിപ്പോര്‍ട്ടിംഗിന്റെ വിലയാണ് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജീവിതംകൊണ്ട് നല്‍കുന്നത് എന്നും ദീപക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker