KeralaNewsNews

”ഹോട്ടൽ ബിൽ കൊടുക്കാത്തതിന് അറസ്റ്റിലായവർ വരെ ഉണ്ട്; ജയിലിൽ തുടർന്നത് അവർക്കുവേണ്ടി

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ചിലര്‍ ജയിലില്‍ തന്നെ കാണാനെത്തിയെന്ന് ബോബി ചെമ്മണൂര്‍. നടി ഹണിറോസിന്റെ പരാതിയില്‍ റിമാന്‍ഡിലായിരുന്ന ബോബി, ജാമ്യംകിട്ടി കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്.

”ജയിലില്‍ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ 26 പേര്‍ എന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടി ഞാന്‍ ഒരുദിവസം കൂടി ജയിലില്‍ നിന്നു. അത്രയേ ഉള്ളൂ”, ബോബി ചെമ്മണൂര്‍ പ്രതികരിച്ചു.

അതേസമയം, ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെ വൈകിപ്പിച്ചത് കോടതിയലക്ഷ്യമല്ലേ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു ബോബിയുടെ പ്രതികരണം. മാത്രമല്ല, ജാമ്യ ഉത്തരവ് ചൊവ്വാഴ്ച ഇവിടെ കിട്ടിയില്ലെന്നും ഇന്നാണ് കിട്ടിയതെന്നുമാണ് പറഞ്ഞതെന്നും ബോബി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ബോബി ചെമ്മണൂര്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം ജാമ്യം കിട്ടിയിട്ടും ബോബി ചെമ്മണൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ജാമ്യഉത്തരവ് ജയിലില്‍ എത്തിയിട്ടില്ലെന്നും അതിനാലാണ് മോചനം വൈകുന്നതെന്നുമായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.

ബോബിയെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ അനുയായികളായ ഒട്ടേറെ സ്ത്രീകളടക്കമുള്ളവരും കഴിഞ്ഞദിവസം ജയിലിന് മുന്നിലെത്തിയിരുന്നു. ഇവരുടെ ചില പരാമര്‍ശങ്ങളും ചര്‍ച്ചയായി. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ജയിലില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ജയിലില്‍നിന്ന് ഇറങ്ങാത്തതെന്നും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതിനിടെ, ബുധനാഴ്ച രാവിലെ ബോബിയുടെ കേസില്‍ ഹൈക്കോടതിയില്‍നിന്ന് അസാധാരണനീക്കമുണ്ടായി. ജാമ്യം നല്‍കിയിട്ടും കഴിഞ്ഞദിവസമുണ്ടായ നാടകീയസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോബി ചെമ്മണൂരിന്റെ കേസ് ഹൈക്കോടതി ബുധനാഴ്ച സ്വമേധയാ പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് കേസ് പരിഗണിച്ചത്. ബോബിയുടെ അഭിഭാഷകരെ അടക്കമുള്ളവരെ കോടതി ബുധനാഴ്ച വിളിച്ചുവരുത്തുകയും ചെയ്തു.

അതേസമയം, ബോബിയുടെ കേസ് രാവിലെ 10.15-ന് പരിഗണിക്കാനിരിക്കെ ബോബിയെ ജയിലില്‍നിന്ന് അതിവേഗം പുറത്തിറക്കാനുള്ള നീക്കങ്ങള്‍ അഭിഭാഷകര്‍ ആരംഭിച്ചിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണമാണ് കഴിഞ്ഞദിവസം ജാമ്യഉത്തരവ് എത്തിക്കാന്‍ വൈകിയതെന്ന വിശദീകരണവും അഭിഭാഷകര്‍ നല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ പത്തുമണിക്ക് മുമ്പേ അഭിഭാഷകര്‍ ജയിലിലെത്തി ജാമ്യഉത്തരവും മറ്റുരേഖകളും കൈമാറി. ഇതിനുപിന്നാലെയാണ് ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker