ബോബി ചെമ്മണൂർ ജയിലിലേയ്ക്ക്; ജാമ്യം നിഷേധിച്ച് കോടതി;റിമാൻഡിൽ
കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണൂരിനായി ഹാജരായ അഡ്വ. ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.
പരാതിക്കടിസ്ഥാനമായ ഉദ്ഘാടന ചടങ്ങിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരും പിന്നീട് മറ്റൊരു പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തു. പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമാകാം. പ്രസ്തുത പരിപാടിയുടെ വീഡിയോ തെളിവുകളുണ്ട്. നടി തന്നെ ഈ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോകള്‍ കോടതി കാണണമെന്നും പാസ്പോർട്ട് ഹാജരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അതേസമയം, ബോബി ചെമ്മണൂരിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടി നല്‍കിയ പരാതിയിലെ വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദ്വയാര്‍ഥ പദപ്രയോഗം നടത്തിയ പ്രതി തുടര്‍ച്ചയായി നടിയെ അധിക്ഷേപിച്ചു. അനുവാദമില്ലാതെ മോശമായരീതിയില്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ് നടിയെ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു. ആ ഉദ്ഘാടനചടങ്ങില്‍നിന്ന് ഏറെ വേദനിച്ചാണ് നടി മടങ്ങിയതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി ഒളിവില്‍പോകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രത്യേകസംഘം വയനാട്ടിലെ എസ്റ്റേറ്റില്‍നിന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കസ്റ്റഡിയിലെടുത്ത ബോബിയെ വൈകീട്ട് ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യംചെയ്യലിനുശേഷം 7.15-ഓടെ അറസ്റ്റ് രേഖപ്പെടുത്തി.
ബോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതുടങ്ങിയ ബോബിയെ കാര്‍ തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ജീപ്പ് എത്തിച്ച് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നു. സ്വന്തംവാഹനത്തില്‍ എത്താമെന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല.
തെറ്റുചെയ്തിട്ടില്ലെന്നും സംഭാഷണത്തെ ദ്വയാര്‍ഥമായി എടുത്തതാണെന്നും സ്റ്റേഷനിലേക്ക് കയറുംവഴി ബോബി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനിടെ, ബോബിക്കെതിരേയുള്ള പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹണി റോസ് രഹസ്യമൊഴി നല്‍കിയിരുന്നു. കൂടുതല്‍ ആരോപണങ്ങള്‍ നടി ഉന്നയിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്.
ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരംകിട്ടിയെന്നും നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഹണി റോസ് പ്രതികരിച്ചു. എനിക്ക് സംരക്ഷണംനല്‍കുന്ന സര്‍ക്കാരും പോലീസുമുള്ള ഒരു സംസ്ഥാനത്ത്, അങ്ങനെയൊരു രാജ്യത്താണ് ജീവിക്കുന്നതെന്ന ഉറച്ചബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതിനാലാണ് യുദ്ധത്തിനിറങ്ങിത്തിരിച്ചത് -അവര്‍ പറഞ്ഞു.