ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ സ്ഫോടനം,50 പേർ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഉഗ്ര സ്ഫോടനം. ആക്രമണത്തില്‍ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ നൂറ് കണക്കിനാളുകൾ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഭയാർത്ഥി ക്യാമ്പിൽ ബോംബിട്ടത് ഇസ്രയേലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ആരോപിച്ചു.
ഗാസയിലെ അഭയാർത്ഥി ക്യാമ്പിളില്‍ ഏറ്റവും വലുതാണ് ജബലിയ. ഇസ്രയേല്‍ ആറ് തവണ ബോംബ് ആക്രമണം നടത്തിയെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്. ആക്രമണത്തില്‍ ജബലിയ അഭയാർത്ഥി ക്യാമ്പിന്റെ വലിയൊരു ഭാഗം തകർന്നു.
ഗാസയില്‍ ഇസ്രായേലിന്റെ കരയാക്രമണവും ശക്തമാണ്. ഗാസ നഗരത്തിന്റെ ഹൃദയ ഭാഗത്തേക്കെത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ കരയുദ്ധം ശക്തമാക്കി. ഗാസയിൽ വ്യോമാക്രമണത്തിൽ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇസ്രായേലിന് നേരെ ആക്രമണം തുടങ്ങിയതായി യമനിലെ ഹൂതി സായുധസംഘം അവകാശപ്പെട്ടു.
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 120 കടന്നു. ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. കുഞ്ഞുങ്ങൾ അടക്കം ആയിരങ്ങൾ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി.