ന്യൂയോർക്ക്:നാടുവിടാന്‍ താലിബാന്‍ നല്‍കിയ അവസാന തീയതി അടുത്തിരിക്കെ, അഫ്ഗാനിസ്താന്‍-അമേരിക്ക വിമാനച്ചാര്‍ജ്ജ് പല മടങ്ങാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം. ചാര്‍ട്ടേഡ് വിമാനത്തില്‍ അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞാണ്, ദുരന്തസമയത്ത് യാത്രക്കാരെ പിടിച്ചുപറിക്കാനുള്ള ശ്രമം. മുന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ സ്വന്തക്കാരനായ വിവാദ സ്വകാര്യ മിലിറ്ററി ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ എറിക് പ്രിന്‍സാണ് അഫ്ഗാന്‍ ദുരന്തത്തില്‍നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്.
അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ താലിബാന്റെ ഹിറ്റ്‌ലിസ്റ്റിലായ അഫ്ഗാന്‍ പൗരന്‍മാരും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അമേരിക്കന്‍ പൗരന്‍മാരുമടങ്ങുന്ന യാത്രക്കാര്‍ക്കു മുന്നിലാണ് എറിക് പ്രിന്‍സ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്. ഈ മാസം 31-ന് ആളുകളെ കാബൂളില്‍നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതി. ഈ സമയത്തിനുള്ളില്‍ ഒരു നിലയ്ക്കും വിമാനങ്ങളില്‍ എത്തിക്കാനാവാത്തത്ര ആളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ ദൈന്യത മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കാനാണ് ശ്രമമെന്ന് മുമ്പ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കയിലേക്ക് ഏകദേശം 1700 ഡോളറാണ് സാധാരണ വിമാന നിരക്ക്. സീസണിനനുസരിച്ച് ഈ തുക 800 ഡോളറിലേക്ക് കുറയാനും 2000 ഡോളര്‍ വരെ കൂടാനുമാണ് സാദ്ധ്യതയെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരാള്‍ക്ക് 6500 യു എസ് ഡോളര്‍ ഈടാക്കാനാണ് കുപ്രസിദ്ധമായ സ്വകാര്യ മിലിറ്ററി കരാര്‍ കമ്പനിയായ ബ്ലാക്ക് വാട്ടറിന്റെ സ്ഥാപകന്‍ എറിക് പ്രിന്‍സിന്റെ പദ്ധതി. താലിബാന്‍ ചെക്ക്‌പോസ്റ്റുകളിലൂടെ ആളുകളെ വിമാനത്താവളത്തിലും അവിടെനിന്നും അമേരിക്കയിലും എത്തിക്കാമെന്നാണ് ഇയാളുടെ ഓഫര്‍.
അതിനിടെ,, വൈറ്റ് ഹൗസ്പ്രസ് സെക്രട്ടറി ജെന്‍ സാകി ഈ പദ്ധതിയുടെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടി രംഗത്തുവന്നു. ”ജീവനില്‍ കൊതിപൂണ്ട് ഒരു രാജ്യം വിടാന്‍ ശ്രമിക്കുന്നവരുടെ വേദനകളും ആശങ്കകളും വിറ്റ് കാശാക്കാന്‍ ഹൃദയമോ ആത്മാവോ ഉള്ള ഒരാള്‍ക്കും കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് അവര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
താലിബാന്റെ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകളെ വിമാനത്താവളത്തിലെത്തിക്കാനും അവിടെനിന്നും അമേരിക്കയിലേക്ക് വിമാനമാര്‍ഗം എത്തിക്കാനുമുള്ള ശേഷി ഇയാള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരാശരി അഫ്ഗാന്‍ പൗരന്‍ ഒരു വര്‍ഷം 600 ഡോളര്‍ വരെയാണ് സമ്പാദിക്കുന്നതെന്നുംഇത്ര വലിയ തുക നല്‍കാന്‍ എത്രപേര്‍ക്കു കഴിയുമെന്ന ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.
മുന്‍ യു എസ് നേവി സീല്‍ ആയ പ്രിന്‍സ് 1997-ലാണ് കുപ്രസിദ്ധമായ ‘ബ്ലാക്ക് വാട്ടര്‍’ സ്വകാര്യ സൈനിക കരാര്‍ സ്ഥാപനം തുടങ്ങിയത്. ഇറാഖിലും അഫ്ഗാനിലുമടക്കം സ്വകാര്യ സൈന്യത്തെ ഇറക്കി വന്‍തുക കരാറിനത്തില്‍ കൈപ്പറ്റുന്നതായി സ്ഥാപനത്തിന് എതിരെ ആരോപണമുന്നയര്‍ന്നിരുന്നു. സ്വകാര്യ സായുധ സംഘങ്ങളെ ഉപയോഗിച്ച് കൊലപാതകങ്ങളും പണംതട്ടലുമൊക്കെ നടത്തുന്നതായും സ്ഥാപനത്തിന് എതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
2007-ല്‍ ഇറാഖി പൗരന്‍മാരെ വെടിവെച്ചു കൊന്ന കേസില്‍ നാല് ബ്ലാക്ക് വാട്ടര്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് 2014-ല്‍ കോടതി കണ്ടെത്തിയിരുന്നു. 2019-ല്‍ ലിബിയയില്‍ രാജ്യാന്തര അംഗീകാരമുള്ള സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് തീവ്രവാദ ഗ്രൂപ്പിന് ആയുധങ്ങളെയും സായുധ സംഘങ്ങളെയും ഇറക്കികൊടുത്ത പ്രിന്‍സ് യു എന്‍ ആയുധ നിയമങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞിരുന്നു.
മുന്‍ പ്രസിഡന്റ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രിന്‍സ് തീവ്രവലതുപക്ഷ സംഘടനകളുടെ സ്വന്തക്കാരനാണെന്ന് ‘ബിസിനസ് ഇന്‍സൈഡര്‍’ ചൂണ്ടിക്കാട്ടുന്നു. പ്രിന്‍സിന്റെ സഹോദരി ബെറ്റ്‌സി ദെവോസ് ട്രംപിന്റെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. അഫ്ഗാനിസ്താനിലെ സൈനിക നടപടികള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സ് സമര്‍പ്പിച്ച പദ്ധതി ട്രംപ് ഭരണകൂടത്തിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നു. തീവ്രവലതു സംഘടനകള്‍ക്കു വേണ്ടി, പുരോഗമന സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്കും തൊഴിലാളി യൂനിയനുകളിലേക്കും നുഴഞ്ഞുകയറുന്നതിന് ബ്രിട്ടീഷ്, അമേരിക്കന്‍ മുന്‍ ചാരന്‍മാരെ പ്രിന്‍സ് റിക്രൂട്ട് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരുന്നു.
താനായിരുന്നു ഇപ്പോഴും യുഎസ് പ്രസിഡന്റ് എങ്കിൽ കാബൂളിലെ ഇരട്ടസ്ഫോടനം സംഭവിക്കില്ലായിരുന്നുവെന്ന അവകാശ വാദവുമായി ഡോണാൾഡ് ട്രംപ് രംഗത്തെത്തി. വാഷിംഗ്ടണിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഈ ദുരന്തം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞാനായിരുന്നു നിങ്ങളുടെ പ്രസിഡന്റ് എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. അഫ്ഗാനിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരരായ യുഎസ് സൈനികരുടെ നഷ്ടത്തിൽ അമേരിക്ക ദുഃഖം രേഖപ്പെടുത്തുന്നു. അവർ സ്നേഹിച്ച, സ്വന്തം രാജ്യത്തിന് വേണ്ടിയാണ് സൈനികർ അവരുടെ ജീവൻ ത്യജിച്ചത്. നമ്മുടെ രാഷ്ട്രം അവരുടെ ഓർമകളെ എന്നും ആദരിക്കും. ട്രംപ് പറഞ്ഞു.
കഴിഞ്ഞദിവസം അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തിൽ 13 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. 95 പേർ മരിച്ചതായാണ് ഒടുവിലെ റിപ്പോർട്ടുകൾ. താലിബാനികളടക്കം 140ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കാബൂൾ ഇരട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു ‘നിങ്ങളെ ഞങ്ങൾ വേട്ടയാടും’ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ വികാരനിർഭരനായി സംസാരിച്ച ബൈഡൻ തിരിച്ചടിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ പെന്റഗണിന് നിർദേശം നൽകി.
കാബൂൾ ഇരട്ട സ്ഫോടനത്തിൽ 13 യുഎസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാൻ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
‘ഞങ്ങൾ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും. കനത്ത വില നൽകേണ്ടി വരും’ ബൈഡൻ വൈറ്റ്ഹൗസിൽ പ്രസ്താവന നടത്തി.
അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.’തീവ്രവാദികൾക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാൻ അവർക്ക് സാധിക്കില്ല. ഒഴിപ്പിക്കൽ നടപടികൾ തുടരും’ ബൈഡൻ വ്യക്തമാക്കി.
ഇതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്റെ പര്യടനങ്ങൾ അവസാനിപ്പിച്ച് വാഷിങ്ടണിലേക്ക് തിരിച്ചിട്ടുണ്ടെന്ന് അവരുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.അഫ്ഗാനിൽ നിന്ന് ഓഗസ്റ്റ് 31-നകം സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബൈഡൻ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണിതെന്നും അവർ വ്യക്തമാക്കി.
കാബൂളിൽ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് സൈനിക കമാൻഡർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബൈഡൻ അറിയിച്ചിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നൽകാനുള്ള വഴി തങ്ങൾ കണ്ടെത്തുമെന്നും ബൈഡൻ പറഞ്ഞു.
കാബൂൾ ആക്രമണത്തിൽ മരിച്ച സൈനികരെ കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ജീവൻ നഷ്ടമായ സൈനികരെ അമേരിക്കൻ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡൻ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.അവർ എന്താണോ ആവശ്യപ്പെടുന്നത് അത് നൽകും. കൂടുതലായി സൈന്യത്തെ വേണമെങ്കിൽ അതിനും തയ്യാറാണെന്ന് സൈന്യത്തെ അറിയിച്ചതായി ബൈഡൻ വ്യക്തമാക്കി.
ഏറ്റവുമൊടുവിൽ വന്ന കണക്കുകൾ അനുസരിച്ച് കാബൂൾ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി.143 പേർക്ക് പരിക്കേറ്റു.60 അഫ്ഗാനികളും 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ട്.
കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ട്. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം.ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.
മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു