FeaturedNews

കുനൂരിലെ ഹെലികോപ്റ്റര്‍ അപകടം; ബ്ലാക്ക് ബോക്സ് കണ്ടെത്തി

കുനൂരില്‍ അപടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്ളൈറ്റ് റെക്കോര്‍ഡര്‍ സഹായിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. നിലവില്‍ പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് അന്വേഷണ സംഘം വിധേയമാക്കി. ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലെയ്ഡ് പൊട്ടി മരത്തിനുമുകളില്‍ അടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രാഥമികമായ വിവരശേഖരണ റിപ്പോര്‍ട്ടാണ് വ്യോമസേന പ്രതിരോധമന്ത്രിക്ക് നല്‍കിയിരുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. അപകടത്തില്‍പ്പെടാനുള്ള വ്യത്യസ്തമായ കാരണങ്ങളുടെ സാധ്യതകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.

അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച പാര്‍ ലമെന്റില്‍ പ്രസ്താവന നടത്തും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രി വിശദീകരിക്കും. ലോക്‌സഭയില്‍ രാവിലെ 11.15 നും രാജ്യസഭയില്‍ ഉച്ചയ്ക്കും രാജ്‌നാഥ് സിംഗ് വിശദീകരണം നല്‍കും.

ജനറല്‍ ബിപിന്‍ റാവത്തിന്റെ ഡല്‍ഹിയിലെ വസതി സന്ദര്‍ശിച്ച രാജ്‌നാഥ് സിംഗ് അദ്ദേഹത്തിന്റെ മകള്‍ കൃതിക റാവത്തുമായി സംസാരിച്ചിരുന്നു. കരസേന മേധാവി ജനറല്‍ എം.എം. നരവനെയും ബിപിന്‍ റാവത്തിന്റെ വീട് സന്ദര്‍ശിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതിയും ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി. രണ്ടു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അപകടത്തെക്കുറിച്ചു രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിശദീകരണം നല്‍കി. ഇന്നലെ വൈകുന്നേരം തന്നെ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി അപകടസ്ഥലത്തേക്കു തിരിച്ചിരുന്നു. സംഭവത്തില്‍ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker