ദുബായ് സന്ദര്‍ശന വേളയില്‍ സ്റ്റാലിന്‍ ധരിച്ച കൂളിംഗ് ജാക്കറ്റ് 17 കോടി രൂപയെന്ന് വ്യാജപ്രചരണം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവിനെ സേലം പൊലീസ് അറസ്റ്റ് ചെയ്തു. സേലം വെസ്റ്റ് ജില്ലയിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ടി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ധരിച്ച കൂളിംഗ് ജാക്കറ്റ് 17 കോടി രൂപയുടേത് ആണെന്നായിരുന്നു അരുള്‍ പ്രസാദിന്റെ ട്വീറ്റ്. സംസ്ഥാന ധനകാര്യമന്ത്രിയായ പളനിവേല്‍ ത്യാഗരാജനാണ് ഈ ജാക്കറ്റിന്റെ വില 17 കോടിയാണെന്ന് അറിയിച്ചത് എന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു. സ്റ്റാലിന്‍ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു ട്വീറ്റ്.
പ്രചരണം വ്യാജമാണെന്ന് ധനമന്ത്രി തന്നെ ട്വീറ്റില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സാമൂഹിക മാധ്യമ സെന്ററിന്റെ ആദ്യ കേസായിരിക്കും ഇതെന്ന് പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. സംസ്ഥാനത്ത് വ്യാജ വാര്‍ത്താ പ്രചാരണം ശക്തമായതിനെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പുതിയ അന്വേഷണ വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചത്. വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനെ തുടര്‍ന്ന് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. മാനനഷ്ടത്തിന് 100 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ പ്രാദേശിക നേതാവിന്റെ പരാതിയിലാണ് അരുള്‍ പ്രസാദിനെതിരെ കേസ് എടുത്തിരുന്നത്.
നേരത്തേയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയതിന് യുവമോര്‍ച്ച നേതാവ് അറസ്റ്റിലായിരുന്നു. ഡിഎംകെ അധികാരത്തില്‍ എത്തിയതിന് ശേഷം തമിഴ്‌നാട്ടില്‍ നൂറിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന പ്രചാരണത്തിന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വിനോജ് പി സെല്‍വത്തിന്റെ പേരിലും പൊലീസ് കേസ് എടുത്തിരുന്നു.