News

കൊടകര കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ; എത്തിച്ചത് ആറുചാക്കുകളില്‍; പണം വച്ചത് ജില്ലാ ഓഫീസില്‍; കെ.സുരേന്ദ്രന് എല്ലാം അറിയാം,വമ്പന്‍ വെളിപ്പെടുത്തല്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്നും എത്തിച്ചത് ആറ് ചാക്കുകളിലായെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മ്മരാജന്‍ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്. ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തത് താന്‍ ആണെന്നും തിരൂര്‍ സതീഷ് പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടനെ ഉണ്ടാകും. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസില്‍ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരണമാണ് താന്‍ എല്ലാം ചെയ്തതെന്നും തിരൂര്‍ സതീഷ് ആരോപിച്ചു.

'കൊടകര കുഴപ്പണ ഇടപാട് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം തന്നെയാണ്. സംഭവം നടക്കുന്നതിന് തലേദിവസം രാത്രി തൃശൂര്‍ ജില്ലാ ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധര്‍മ്മരാജനും കൂട്ടാളികള്‍ക്കും ജില്ലാ ഓഫീസില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് ഞാന്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത്. പുലര്‍ച്ചെ അവര്‍ പോയതിന് ശേഷമാണ് കൊടകരയില്‍ സംഭവം ഉണ്ടായത്. ബിജെപിക്ക് വേണ്ടിവന്ന പണം തന്നെയാണിത്.

പൊലീസിന്റെ കുറ്റപത്രത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ധര്‍മ്മരാജന്‍ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനും ജില്ലാ അദ്ധ്യക്ഷനും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാള്‍ പോയി. ധര്‍മ്മരാജന്‍ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകള്‍ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകള്‍ ഓഫീസിന് മുകളില്‍ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളില്‍ പണമാണെന്ന് അറിഞ്ഞത്'- തിരൂര്‍ സതീഷ് പറഞ്ഞു.

2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴല്‍പ്പണം ദേശീയപാതയില്‍ കൊടകര വച്ച് ഒരു സംഘം കാര്‍ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നല്‍കിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തില്‍ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയര്‍ന്നെങ്കിലും ബിജെപി ഇത് തള്ളിയിരുന്നു.കേസില്‍ 23 പേര്‍ അറസ്റ്റിലായിരുന്നു. പിന്നീട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. കേസിലെ പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനെയടക്കം ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചാക്കേസിലാണ് അന്വേഷണം നടന്നതെന്നും അതില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. കള്ളപ്പണക്കേസ് അന്വേഷിക്കേണ്ടത് ഇഡിയാണെന്നും പൊലീസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker