കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചതിൽ നടപടി ആവശ്യപ്പെട്ടുള്ള ബിജെപി പ്രകടനത്തിൽ കൊലവിളി. യൂണിഫോം ഇല്ലായിരുന്നെങ്കില്‍ ശവം റോഡിലൂടെ പോകുമായിരുന്നു എന്നു നടക്കാവ് സിഐയെ ഉന്നമിട്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മോഹനന്‍ പറഞ്ഞു. സംഭവത്തിൽ മോഹനൻ, കൗൺസിലർ ടി.റിനീഷ് എന്നീ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
‘‘കാക്കിയുടെ ബലത്തിലാണ് മർദിച്ചതെങ്കിൽ കാക്കി മാത്രമാണ് സംരക്ഷണം എന്ന് നീ ഓർത്തോ. പൊലീസുകാരനല്ലാതെ ആയിരുന്നു ഞങ്ങളുടെ പ്രവർത്തകനെ അടിച്ചിരുന്നതെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ നിന്റെ ശവശരീരം ഈ റോഡിലൂടെ പോകുമായിരുന്നു. ഞങ്ങളുടെ ഏതെങ്കിലും പ്രവർത്തകനെ മർദിക്കാനാണു പിണറായിയുടെ പൊലീസിന്റെ തീരുമാനമെങ്കിൽ, മാധ്യമങ്ങളെയും പൊലീസിനെയും സാക്ഷിനിർത്തി പറയുകയാണ്, ആറു മാസം ജയിൽ കിടക്കാൻ ഞങ്ങളിൽ ഒന്നോ രണ്ടോ പേർ തയാറായാൽ തീരാവുന്ന പ്രശ്നമേ ഇതിനുള്ളൂ’’– മോഹനന്‍ പറഞ്ഞു.
കമ്മിഷണർ ഓഫിസിലേക്കു ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കനത്ത സുരക്ഷയിലാണു കഴിഞ്ഞദിവസം മുഖ്യമന്ത്രി കോഴിക്കോട് എത്തിയത്. യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കോഴിക്കോട് ഗെസ്റ്റ് ഹൗസിനു മുന്നിൽവച്ച് കരിങ്കൊടി കാണിച്ചു. സംഭവത്തിൽ യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.