പാലക്കാട്:കർണാടക രജിസ്ട്രേഷനിലുള്ള വെളുത്ത കിയ കാറിൽ വരികയായിരുന്നു പ്രസാദ് സി നായർ. പൊലീസ് കൈ കാണിച്ചപ്പോൾ തന്നെ പ്രസാദിന്‍റെ കാർ നിർത്തി. പരിശോധനയിൽ കാറിന്‍റെ ഡിക്കിയിൽ ആപ്പിൾ കൊണ്ടുവരുന്ന പെട്ടി ശ്രദ്ധയിൽപെട്ടു. പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് അടുക്കിവെച്ച അഞ്ഞൂറിന്‍റെ നോട്ടു കെട്ടുകൾ ഇതിൽ നിന്നും കണ്ടെടുത്തത്.
ഉടൻ തന്നെ പ്രസാദിനെയും ഡ്രൈവർ പ്രശാന്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കച്ചവട ആവശ്യത്തിനായി കരുതിയ പണമെന്നായിരുന്നു ചോദ്യം ചെയ്യലിൽ പ്രസാദിന്‍റെ മൊഴി. ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
എന്നാൽ രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ല. ഇതോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചത്. ഇവരിൽ നിന്നും കണ്ടെടുത്ത പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് അറിയിച്ചു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്‍റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തി.