KeralaNews

ആറിടത്ത് ബി.ജെ.പി സ്ഥാനാര്‍ഥികൾ തയ്യാർ; സിനിമാ രംഗത്ത് നിന്ന് സുരേഷ് ഗോപി മാത്രമല്ല

കൊച്ചി: ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ദേശീയ തലത്തില്‍ 400ല്‍ അധികം സീറ്റാണ് ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ നിന്ന് സാധ്യമാകുന്ന അത്ര സീറ്റ് പിടിക്കാനാണ് ഉദ്ദേശിക്കുന്നത്. നരേന്ദ്ര മോദി തുടര്‍ച്ചയായി കേരളത്തിലെത്തിയതും അടുത്താഴ്ച അമിത് ഷാ വരുന്നതുമെല്ലാം ഈ ലക്ഷ്യത്തോടെയാണ്.

നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളം നിറയാനാണ് ബിജെപിയിലെ ആലോചന. പാലക്കാട് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു എന്നാണ് വിവരം. ഈ മാസം മൂന്നാം വാരത്തിലാണ് ദേശീയ കൗണ്‍സില്‍ ചേരുക. അതിന് മുന്നോടിയായി ആറ് സ്ഥാനാര്‍ഥികളെ കേരളത്തില്‍ പ്രഖ്യാപിച്ചേക്കും.

തൃശൂരില്‍ നടന്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്ന് നേരത്തെ വ്യക്തമായതാണ്. സുരേഷ് ഗോപിക്ക് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമാ രംഗത്ത് നിന്ന് മറ്റു ചിലരും കൂടി ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നാണ് വിവരം. ചാലക്കുടിയില്‍ സംവിധായകന്‍ മേജര്‍ രവിയുടെ പേര് പരിഗണിക്കുന്നുണ്ട്.

ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മല്‍സരിക്കും. ബിജെപി വലിയ പ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലമാണിത്. ആറ്റിങ്ങലിന് പുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലും ബിജെപി അമിത പ്രതീക്ഷയിലാണ്. ഇത്തവണ മല്‍സരിക്കാനില്ല എന്നാണ് നടന്‍ ദേവന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. നിര്‍മാതാവ് സുരേഷ് കുമാറും മല്‍സര രംഗത്തുണ്ടാകില്ല.

തിരുവനന്തപുരത്ത് ആര് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പത്തനംതിട്ടയില്‍ പിസി ജോര്‍ജ്, അല്ലെങ്കില്‍ മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരുടെ പേര് പരിഗണിക്കുന്നുണ്ട്. നായര്‍ സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണം എന്ന് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് വരട്ടെ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. ഇവിടെ കുമ്മനം രാജശേഖരന്‍, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരും പരിഗണിച്ചിരുന്നു.

പാലക്കാട് സി കൃഷ്ണ കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. വയനാട് ആര് എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ബിഡിജെഎസിന് മണ്ഡലം കൈമാറുമോ എന്നും വ്യക്തമല്ല. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു. മലപ്പുറത്ത് എപി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയായേക്കും.

കണ്ണൂരില്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ടെത്തിയ സി രഘുനാഥിനാണ് സാധ്യത. അനില്‍ ആന്റണിയുടെ പേര് എറണാകുളം മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. കോട്ടയവും മാവേലിക്കരയും ബിഡിജെഎസുമായി വച്ചുമാറിയേക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവര്‍ മുതല്‍ ജില്ലാ നേതാവ് വിവി രാജേഷിന്റെ പേര് വരെ കേള്‍ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button