KeralaNews

ബിഷപ്പിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു, സഭയ്ക്ക് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരം: തലശ്ശേരി അതിരൂപത

കണ്ണൂര്‍ : രക്തസാക്ഷികളെക്കുറിച്ചുള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമ‍ര്‍ശം വിവാദമായതോടെ വിശദീകരണവുമായി തലശ്ശേരി അതിരൂപത. സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണെന്നും ബിഷപ്പിന്റെ പ്രസംഗം ചില തല്പരകക്ഷികൾ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും തലശ്ശേരി അതിരൂപത വിശദീകരണക്കുറിപ്പിറക്കി.

അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്. ഇവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ഉദ്ദേശിച്ചതെന്നും സഭ വിശദീകരിക്കുന്നു.

കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരും പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന ബിഷപ് പാംപ്ലാനിയുടെ പരാമ‍ര്‍ശമാണ് വലിയ വിവാദങ്ങൾക്കിടയാക്കിയത്. കണ്ണൂർ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വെച്ചാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിവാദ പരാമ‍ര്‍ശം നടത്തിയത്.

കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു പരാമർശം. അപ്പോസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന് പറഞ്ഞ ബിഷപ്പാണ് അടുത്ത വരിയായി രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്.

രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ. ബിഷപ്പിന്റ പ്രസ്താവന അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

ബിജെപി കൂടാരത്തില്‍ അധികാരത്തിന്റെ അപ്പകഷ്ണവുമന്വേഷിച്ചു പോകുന്നവര്‍ മഹത്തായ രക്ഷസാക്ഷിത്വങ്ങളെ അപമാനിക്കുന്നത് പുരോഗമന സമൂഹം സഹിച്ചെന്നു വരില്ലെന്ന് ഡിവൈഎഫ്ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

അനീതിയ്ക്കും അധര്‍മ്മത്തിനുമെതിരെ ശബ്ദിച്ചതിനാലാണ് ക്രിസ്തുവിനെ കുരിശിലേറ്റിയതെന്ന് ലോക വ്യാപകമായി വിശ്വസിക്കപ്പെടുന്നു. യേശു സമരം ചെയ്തത് യാഥാസ്ഥിതിക പുരോഹിത സമൂഹത്തിനെതിരായും റോമാ സാമ്രാജ്യത്വത്തിനെതിരെയുമായിരുന്നു. അതിന്റെ പരിണിത ഫലമാണ്, ആ നീതിമാന്റെ രക്തസാക്ഷിത്വം.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം സിപിഎമ്മിനെതിരെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല. പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker