തിരുവനന്തപുരം: മദ്യപിച്ചുകൊണ്ട് ആരും പൊതുവേദിയില്‍ വരാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മദ്യപാന നിരോധനത്തില്‍ ഇളവ് വരുത്തിയ നയരേഖയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം. കമ്യൂണിസ്റ്റുകാര്‍ മദ്യപിച്ച് നാലുകാലില്‍ ജനങ്ങളുടെ മുമ്പില്‍ വരാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ മദ്യപാന ശീലമുള്ളവരുണ്ടെങ്കില്‍ അവര്‍ വീട്ടിലിരുന്ന് കഴിക്കണം. മദ്യപിച്ച് റോഡിലിറങ്ങി ബഹളം ഉണ്ടാക്കാന്‍ പാടില്ല. അവരെ അത്തരത്തില്‍ ജനമധ്യത്തില്‍ കാണാന്‍ പാടില്ല. ഇത്തരം ചീത്ത കൂട്ടുകെട്ട് ഉണ്ടാകരുത്. പ്രമാണിമാരുടെയും കള്ളന്മാരുടെയും കയ്യില്‍ നിന്നും പണം വാങ്ങി കുടിക്കുന്ന കമ്പനിയില്‍ പെടാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കള്ളുകുടിക്കാന്‍ വേണ്ടി ഏതെങ്കിലും പണക്കാരന്റെ കമ്പനികൂടാന്‍ പാടില്ല. അവരുടെ കയ്യില്‍ നിന്നും കാശുമേടിച്ച് മദ്യപാനം പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും വാര്‍ത്താ സമ്മേളനത്തില്‍ ബിനോയ് വിശ്വം വിശദീകരിച്ചു.
മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുളള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണ് സിപിഐ നയമെന്ന് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.
അതേസമയം വഴിയടച്ചുള്ള സമരത്തില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് കോടതിയില്‍ ഹാജരാകുമെന്നും ബിനോയ് വിശ്വം അറിയിച്ചു. മനപ്പൂര്‍വം സംഭവിച്ചതല്ല. കോടതിയില്‍ ഹാജരായി കാര്യങ്ങള്‍ അറിയിക്കും. ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ അവകാശം ഉണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.