കൊച്ചി: ഹണി റോസിന് ഇഷ്‌ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ. ബോബി ചെമ്മണ്ണൂർ-ഹണി റോസ് വിവാദങ്ങളുടെ പാശ്ചാത്തലത്തിൽ തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് മനസ് തുറക്കുകയായിരുന്നു അവർ
സൈബർ ആക്രമണത്തെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും ബിന്ദു കൃഷ്‌ണ സംസാരിച്ചു. താൻ ഒന്നല്ല ഒരായിരം തവണ ഇത്തരം അധിക്ഷേപങ്ങൾക്ക് വിധേയയായിട്ടുണ്ടെന്ന് ബിന്ദു കൃഷ്‌ണ സാക്ഷ്യപ്പെടുത്തുന്നു. മുഖമില്ലാത്തവരാണ് മുൻപൊക്കെ ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തിയതെങ്കിൽ ഇപ്പോൾ പാർട്ടി ചിഹ്നവും മറ്റും വച്ചാണ് ഇത്തരക്കാർ ഉള്ളതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ഹണി റോസിന്റെ പരാതിയിൽ വളരെയധികം പ്രതീക്ഷയുണ്ട്. പലപ്പോഴും സിപിഎം വനിതാ നേതാക്കൾക്ക് മാത്രമാണ് ഇത്തരം ആനുകൂല്യങ്ങൾ കിട്ടിയിരുന്നത്. എന്നാൽ അതിന് പുറത്തുള്ള ഒരാൾക്ക് ഈ ആനുകൂല്യം കിട്ടുന്നത് വലിയ കാര്യമാണ്. ഏത് പാർട്ടിയിലെ നേതാക്കൾക്കും രാഷ്ട്രീയം പറയാൻ കഴിയണം. ഹണി റോസ് അവർക്ക് ഇഷ്‌ടമുള്ള വേഷം ധരിക്കട്ടെ. അതവരുടെ താൽപര്യമാണ്. അതവരുടെ തൊഴിലാണ്.
സൈബർ ആക്രമണങ്ങളിൽ ഒരിക്കലും ഞാൻ തളർന്നുപോയിട്ടില്ല. അങ്ങനെ വിഷമം ഒന്നും ഉണ്ടായിട്ടില്ല, വിഷമിക്കുകയുമില്ല. ഇതിനപ്പുറം മാന്തിയാലും നിങ്ങൾ കാണുന്ന തരമല്ല ഞങ്ങൾ. ഏതെങ്കിലും സൈക്കോകൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും എഴുതിവിട്ടാൽ തളർന്നുപോവുന്ന ആളുകളല്ല ഞങ്ങൾ. നിയമം നമ്മളെ സംരക്ഷിക്കുമെന്നാണ് ഞാൻ കരുതിയത്. നിർഭാഗ്യവശാൽ ഇവിടെ രാഷ്ട്രീയമാണ് വലുത്.
നേരിട്ട് ഇതുവരെയും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ നേരിട്ട് പറയാൻ മാത്രം ധൈര്യമുള്ള ഒരാൾ ജനിച്ചിട്ടില്ലെന്ന് വേണം കരുതാൻ. നീലപ്പെട്ടി വിവാദത്തിൽ എന്തൊക്കെയാണ് പറഞ്ഞത്. ‘വാതിൽ തുറന്ന് ബിന്ദു കൃഷ്‌ണ, ആരുണ്ട് അകത്ത് ? ഭർത്താവല്ലാതെ വേറെ പുരുഷന്മാരില്ല’ എന്നൊക്കെ കണ്ടു. ഇത്തരം അധിക്ഷേപങ്ങളായിരുന്നു കൂടുതലും.
പലപ്പോഴും കേസുകൾ നൽകാൻ പോലീസിനെ സമീപിക്കുമ്പോൾ ഒരു നടപടിയും ഉണ്ടാവാറില്ല. സിപിഎം വനിതാ നേതാവിനെതിരെ കമന്റിട്ടാൽ അപ്പോൾ പോലീസ് നടപടിയാണ്. ഞാൻ എത്രയോ പരാതികൾ ഡിജിപിക്കും കൊല്ലത്ത് പോലീസ് കമ്മീഷണർക്കും നൽകിയിട്ടുണ്ട്. പരാതികളെല്ലാം ലിങ്കും സ്ക്രീൻ ഷോട്ടും സഹിതം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
സിപിഎമ്മിനെതിരെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കെതിരെയോ എന്തെങ്കിലും പറഞ്ഞാൽ മോശം കമന്റ്സ് വരാറുണ്ട്. നമ്മുടെ മുഖംവച്ച് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ് ഇവരുടെ പരിപാടി. വ്യാജവാർത്ത വരെ എഴുതി കളയും. പല രീതിയിൽ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്, എങ്ങനെയൊക്കെ എന്ന് എനിക്ക് തന്നെ അറിയില്ല.