
മലപ്പുറം: ബൈക്ക് കാണാനില്ലെന്ന പരാതിയുമായെത്തിയ യുവാവിനെ പൊലീസ് മോഷണ കേസിന് അറസ്റ്റ് ചെയ്തു. കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിനാണ് യുവാവ് പിടിയിലായത്. മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാൻ മറന്ന മോഷ്ടാവ് പരാതിയുമായി സ്റ്റേഷനിൽ എത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് 8,000 രൂപയാണ് കവർന്നത്. ബൈക്കിലെത്തിയാണ് അരുൺ മോഷണം നടത്തിയത്. എന്നാൽ കവർച്ചക്ക് ശേഷം പണവുമായി മുങ്ങിയ പ്രതി ബൈക്ക് എടുക്കാൻ മറന്ന് പോയിരുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെയാണ് ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ ബൈക്ക് കണ്ടെത്തുന്നത്. നാട്ടുകാർ ബൈക്ക് പൊലീസിൽ ഏൽപ്പിച്ചു. ഈ ബൈക്കിന്റെ രേഖകൾ പൊലീസ് പരിശോധിച്ചുവരികെയാണ് അരുൺ പരാതിയുമായി സ്റ്റേഷനിലെത്തിയത്. തന്റെ ബൈക്ക് മോഷണം പോയെന്നും നടപടിയുണ്ടാവണമെന്നുമായിരുന്നു അരുണിന്റെ പൊലീസിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയങ്ങൾ തോന്നിയതോടെ പൊലീസ് അകത്തുകൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ബൈക്ക് മോഷ്ടിച്ചവരാവാം ക്ഷേത്രത്തിൽ മോഷണം നടത്തിയതെന്നാവാം എന്നാണ് അരുൺ പൊലീസിനോട് പറഞ്ഞത്. പക്ഷേ, തുടർച്ചയായ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സമാനമായ മറ്റു കേസുകളില്‍ ഇയാള്‍ പ്രതിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ എസ്ഐ സുരേഷ്, എസ് സിപിഒ മാരായ, സുധീഷ്, മനോജ്, കബില്‍ദേവ്, സബീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും