
മലപ്പുറം: മഞ്ചേരി കാട്ടുങ്ങലില്‍ ആഭരണനിര്‍മാണശാലയില്‍ നിന്ന് ജ്വല്ലറികളിലേക്ക് കൊണ്ടുപോവുകയായിരുന്ന 117 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ട്വിസ്റ്റ്. കേസില്‍ പരാതിക്കാരനായ ആള്‍ തന്നെയാണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ജീവനക്കാരനും സഹോദരനും അറസ്റ്റില്‍. പരാതിക്കാരന്‍ ശിവേഷ് തന്നെ പ്രതിയായ കേസില്‍ സഹോദരന്‍ ബെന്‍സില്‍, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ഇവരില്‍ സ്വര്‍ണക്കടയിലെ ജീവനക്കാരനായ ശിവേഷിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ശിവേഷിന്റെ പദ്ധതിയിലാണ് സ്വര്‍ണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി.
ശിവേഷിന്റെ പദ്ധതിപ്രകാരം ബെന്‍സും മറ്റൊരു സുഹൃത്തുമാണ് ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്നത്. പ്രതികളുടെ വീട്ടില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തു. ‘നിഖില ബാങ്കിള്‍സ്’ സ്വര്‍ണാഭരണനിര്‍മാണ സ്ഥാപനത്തിലെ ജീവനക്കാരായ ശിവേഷും സുകുമാരന്‍ എന്നയാളും ശനിയാഴ്ച വൈകിട്ട് 6.30ന് സ്വര്‍ണവുമായി സ്‌കൂട്ടറില്‍ പോകുമ്പോഴാണ് കവര്‍ച്ച നടത്തിയത്. നോമ്പുതുറ സമയമായതിനാല്‍ വൈകിട്ട് റോഡില്‍ ആളുകള്‍ കുറവായിരുന്നു.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഈ സമയം കവര്‍ച്ച നടത്തിയത്. പ്രതികള്‍ക്ക് സ്വര്‍ണാഭരണം തട്ടിയെടുക്കാനായി വെള്ളം കുടിക്കാനെന്ന് പറഞ്ഞ് ശിവേഷ് സ്‌കൂട്ടര്‍ നിര്‍ത്തി. ഈ സമയത്താണ് ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തി സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
സംഭവത്തിന് ദൃക്‌സാക്ഷിയായ ഇരുമ്പുഴി സ്വദേശി എം കെ മുഹമ്മദ് മുന്‍ഷിര്‍ സ്വന്തം വാഹനത്തില്‍ പിന്തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ട ബൈക്കിന്റെ ഫോട്ടോ എടുത്തത് കേസന്വേഷത്തില്‍ നിര്‍ണായക തെളിവായി. വണ്ടി നമ്പര്‍ മനസ്സിലാക്കിയ മഞ്ചേരി പൊലീസ് മലപ്പുറം, പെരിന്തല്‍മണ്ണ പൊലീസിന്റെ സഹകരണത്തോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ്എച്ച്ഒ ആയ എഎസ്പി നന്ദഗോപന്‍, ഇന്‍സ്‌പെക്ടര്‍ പ്രതാപ് കുമാര്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്ത്, പെരിന്തല്‍മണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരന്‍, പെരിന്തല്‍മണ്ണ എസ്‌ഐ ശ്രീനിവാസന്‍, മലപ്പുറം എസ്എച്ച്ഒ പി വിഷ്ണു, മലപ്പുറം എസ്‌ഐ എസ് കെ പ്രിയന്‍, എഎസ്‌ഐമാരായ ഗിരീഷ്, അബ്ദുള്‍വാഷിദ്, അനീഷ് ചാക്കോ, ഫിറോസ്, എസ്സിപിഒമാരായ തൗഫീഖുള്ള മുബാറഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.