CrimeKeralaNews

വമ്പൻ ട്വിസ്റ്റ്, ഒടുവിൽ വാദി പ്രതിയായി കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്, പൊളിഞ്ഞടുങ്ങിയത് വൻ നാടകം

കോഴിക്കോട്: എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. തുടക്കത്തിൽ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

നേത്തെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സൂഹൈൽ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ സ്വകാര്യ ഏജൻസിയിലെ രണ്ടു ജീവനക്കാരെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംശയങ്ങൾ തീര്‍ക്കാൻ നടത്തിയ അന്വേഷണത്തിൽ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടക മാണ് കവര്‍ച്ചയെന്നാണ് വ്യക്തമാകുന്നത്. സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേര്‍ന്നാണ് ഈ നാടകം ആസൂത്രണം ചെയ്തത്.

കോലാഹലങ്ങൾ അടങ്ങിയാൽ പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്. താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. സുഹൈലിനെ കാറിൽ കെട്ടിയിട്ട് നാടകം നടത്തിയത് ഇവര്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ സുഹൈലിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് പേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാൽ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോര്‍ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിര്‍ണായകമായി.  കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും  കണ്ടെത്താൻ പൊലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല. 

കാറിൽ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാൽ ഒന്നും ഓർമയില്ലെന്നും കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും സൂഹൈൽ പറഞ്ഞിരുന്നു . സുഹൈലിന്റെ മൊഴികളിൽ നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു.

അപ്പോൾ തന്നെ സംഭവം വ്യാജമാണെന്ന നിഗമനത്തിലായിരുന്ന പൊലീസ്. 25ലക്ഷം നഷ്ടമായെന്ന് സുഹൈൽ പറയുമ്പോൾ, 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker